ദീപാങ്കർ ദത്തെയെ സുപ്രീം കോടതി ജഡ‍്ജിയായി നിയമിച്ചു

news image
Dec 11, 2022, 12:23 pm GMT+0000 payyolionline.in

ദില്ലി : ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തെയെ സുപ്രീം കോടതി ജഡ‍്ജിയായി നിയമിച്ചു. കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചതായുള്ള വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റംബർ  26നാണ് ദീപാങ്കർ ദത്തയെ സുപ്രീം കോടതി ജ‍ഡ്ജിയാക്കാൻ കൊളീജിയം ശുപാര്‍ശ ചെയ്തത്. 75 ദിവസത്തിന് ശേഷമാണ് വിജ്‌ഞപാനം പുറത്തിറങ്ങുന്നത്. ജ‍ഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ശ അംഗീകരിക്കുന്നതില്‍ സർക്കാർ വൈമുഖ്യം കാണിക്കുന്നതിലെ സുപ്രീംകോടതി വിമ‌ർശനം നിലനില്‍ക്കെയാണ് ഉത്തരവ് പുറത്തിറങ്ങുന്നത്.

അതേസമയം ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീം കോടതിയും ഇരു ചേരിയിലാണ്. ഇത് രാഷ്ട്രീയ ആയുധമാക്കാന്‍ ഉള്ള ശ്രമത്തിലാണ് പ്രതിപക്ഷം. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ സർക്കാ‍ർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. എന്നാല്‍ വിഷയം എങ്ങനെ മുന്നോട്ട് പോകുമെന്ന നിരീക്ഷിച്ച ശേഷം നടപടി കടുപ്പിക്കാമെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും സർക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനമുയർത്തുന്ന പ്രതിപക്ഷം, അതിന് ഉദാഹരണമായാണ് കൊളീജിയം വിവാദം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ദിവസം കൊളീജിയം തർക്കത്തില്‍ പാർലമെന്‍റില്‍  ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസും നല്‍കിയിരുന്നു. കൊളീജിയം നിയമനത്തിനെതിരെ കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും വിമർശനം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്നും മനീഷ് തിവാരിപറഞ്ഞു.  കൊളീജിയം വിവാദം പാർലമെന്‍റില്‍ കാര്യമായി ഉയർത്തി സർക്കാരിനെ വിമർശിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്. എന്നാല്‍ പാർലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വിഷയത്തില്‍   സമവായം ഉണ്ടായില്ല. മല്ലികാർജ്ജുന്‍ ഗർഗെ വിളിച്ച പ്രതിപക്ഷ യോഗത്തിലും ഇക്കാര്യം ചർച്ചയായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe