പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ

news image
Jun 29, 2023, 1:10 pm GMT+0000 payyolionline.in

പാലക്കാട്: പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.

പല്ലശന സ്വദേശിയായ സച്ചിന്‍റെ  വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്. സച്ചിന്റെയും നവവധു സജ്‌ലയുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത് പിന്നിൽ നിന്ന അയൽവാസിയായിരുന്നു. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകൾ തമ്മിൽ കൂട്ടിമുട്ടിച്ചപ്പോൾ വധുവും വരനും പകച്ചു പോയി. വേദന കൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ടാണ് വരന്റെ വീട്ടിലേക്ക് ആദ്യമായി കയറിപ്പോയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ രൂക്ഷമായ വിമർശനം സംസ്ഥാനത്തിന്റെ പല കോണുകളിൽ നിന്നുമുണ്ടായി. തന്റെ നാട്ടിൽ ഇത്തരമൊരു നാട്ടാചാരം താൻ മുൻപ് കേട്ടിട്ടില്ലെന്നാണ് സച്ചിൻ പ്രതികരിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ വേദനകൊണ്ട് പകച്ചുപോയെന്നും അല്ലെങ്കിൽ താൻ തന്നെ കൃത്യം ചെയ്തയാൾക്ക് മറുപടി കൊടുത്തേനെയെന്നും സജ്‌ല പ്രതികരിച്ചിരുന്നു.

കോഴിക്കോട് മുക്കം സ്വദേശിയാണ് സജ്ല. ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ സജ്‌ലയ്ക്ക് താല്‍പര്യമില്ലെന്ന് സച്ചിന്‍റെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ തലകൾ കൂട്ടിയിടിപ്പിക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വന്നതെന്നും ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നുമായിരുന്നു സജ്‌ലയുടെ പ്രതികരണം. എവിടെയാണ് നിൽക്കുന്നത് എന്ന് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നും അവർ പറഞ്ഞു. പാലക്കാട്ട് ഇങ്ങനൊരു ആചാരമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറുവിഭാഗം പറയുന്നത് ഇത് പാലക്കാട്ടെ ആചാരമാണെന്നാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe