ത്രിപുരയില്‍ മണിക് സാഹ വീണ്ടും മുഖ്യമന്ത്രിയാകും

news image
Mar 6, 2023, 3:36 pm GMT+0000 payyolionline.in

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാരിനെ ആര് നയിക്കുമെന്ന ചർച്ചകൾക്ക് വിരാമമിട്ട് മണിക് സാഹയ്ക്ക് തന്നെ നറുക്ക് വീണു. മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

മണിക് സാഹ, കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നത്. മണിക് സാഹയ്ക്ക് തന്റെ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതോടെയായിരുന്നു പുതുമുഖം വേണോയെന്ന ചര്‍ച്ച ബി.ജെ.പിയില്‍ സജീവമായത്. തെരഞ്ഞെടുപ്പില്‍ വനിതകളുടെ പിന്തുണ കൂടുതല്‍ കിട്ടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായത്. ഇതിനിടയിലും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിച്ച മണിക് സാഹയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. ഇതാണ് മണിക് സാഹയെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പിന് ഒൻപത് മാസം മുന്‍പാണു ബിപ്ലവ് കുമാര്‍ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe