റിയാദ്: രാജ്യത്ത് സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലുമുണ്ടാകുന്ന തൊഴിലവസരങ്ങൾ അറിയിക്കാൻ ഏകജാലക സംവിധാനം ആരംഭിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ‘ജദാറത്’ എന്ന പേരിലാണ് (jadarat.sa) ഡിജിറ്റൽ ആപ്ലിക്കേഷനും വെബ്സൈറ്റും ആരംഭിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം വഴി വിവിധ സർക്കാർ വകുപ്പുകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും തൊഴിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും അപേക്ഷ ക്ഷണിക്കാനും സാധിക്കും.
തൊഴിൽ പരസ്യസംവിധാനം മെച്ചപ്പെടുത്തുക, തൊഴിലന്വേഷകർക്ക് അവസരങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ആരംഭിച്ചത്. റിക്രൂട്ട്‌മെൻറ് ശ്രമങ്ങൾ ഏകീകരിക്കുക, പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലന്വേഷകരുടെ വിവരങ്ങൾ ഏകീകരിക്കുക, ഡാറ്റയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ‘അഭിലാഷവും ശാക്തീകരണവും’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് മാനവ വിഭവശേഷി മന്ത്രി പ്ലാറ്റ്‌ഫോം ആരംഭിച്ചത്.