തൃശൂർ: തൃശൂരിലെ മദ്യശാലയിൽ തോക്ക് ചൂണ്ടി അക്രമം നടത്തിയ സംഭവത്തിൽ സംഘത്തിൽ സ്വർണ കള്ളക്കടത്ത് കേസിലെ പ്രതിയും. സ്വപ്ന സുരേഷ് ഉൾപ്പെട്ട കേസിലെ പതിനാറാം പ്രതിയാണ് കേസിൽ അറസ്റ്റിലായ ജീഫ്സൽ. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജീഫ്സൽ. തൃശ്ശൂർ പൂത്തോളിൽ ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് യുവാക്കളെ തൃശ്ശൂർ വെസ്റ്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു.
തൃശ്ശൂർ പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ മദ്യശാലയിലാണ് സംഭവം ഉണ്ടായത്. കട അടച്ച ശേഷമാണ് നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത്. ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല, കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് യുവാക്കാള്‍ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു.