തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ കൊന്നത് വെട്ടുകത്തിയും വലിയ കത്രികയും ഉപയോഗിച്ച്; കൊല പണത്തിന് വേണ്ടി, തെളിവെടുപ്പ്

news image
Jul 25, 2023, 4:51 pm GMT+0000 payyolionline.in

തൃശ്ശൂർ : തൃശ്ശൂർ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെറുമകനുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. വെട്ടുകത്തികൊണ്ടും, ചെടി വെട്ടാൻ ഉപയോഗിക്കുന്ന വലിയ കത്രിക ഉപയോഗിച്ചുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നും അക്മൽ പൊലീസിനോട് പറഞ്ഞു.

രാവിലെ 11.30 ഓടെയാണ് പ്രതി അക്മലുമായി ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വടക്കേക്കാടെ വീട്ടിലെത്തിയത്.
കനത്ത പൊലീസ് വലയത്തിലായിരുന്നു പ്രതിയെ വീട്ടില്‍ എത്തിച്ചത്. വീടിനകത്തുവെച്ച് ജമീലയെയും അബ്ദുള്ളയെയും കൊന്നത് എങ്ങനെയെന്ന് ഒന്നിന് പിന്നാലെ ഒന്നായി പൊലീസിനോട് തുറന്ന് പറഞ്ഞു. ബിസിനസ് തുടങ്ങാൻ പണം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പണം നൽകാൻ ജമീലയോ അബ്ദുള്ളയോ തയ്യാറായില്ല. ഇതെ തുടർന്നായിരുന്നു കൊല്ലാനുള്ള തീരുമാനം. ഞായറാഴ്ച രാത്രി 10 മണിയോടെ ജമീലയെ ആദ്യം കഴുത്തറത്ത് കൊന്നു. വേർപെട്ട തല മറ്റൊരിടത്തേക്ക് മാറ്റിവച്ചു. പിന്നാലെ അബ്ദുള്ളയേയും കൊന്നു. എതിർക്കാൻ ശ്രമിച്ച അബ്ദള്ളയെ പല തവണ അക്മൽ വെട്ടിയെന്നും പ്രതി സമ്മതിച്ചു.

വെട്ടുകത്തിയും ചെടി മുറിക്കാൻ ഉപയോഗിച്ചിരുന്ന വലിയ കത്രികയും ഉപയോഗിച്ചായിരുന്നു ആക്രമണം. കഴുത്തിൽ ഒന്നിലേറെ തവണ ആഞ്ഞ് വെട്ടിയെന്നും പ്രതിയുടെ തുറന്ന് പറച്ചിൽ. തെളിവെടുപ്പ് 10 മിനിറ്റ് കൊണ്ട് പൂർത്തിയാക്കി പൊലീസ് മടങ്ങി. കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ നേരത്തെ തന്നെ പൊലീസിന് കിട്ടിയിരുന്നു. കൊലപാതകത്തിന് തൊട്ടുമുന്പ് വീട്ടിൽ വലിയ വഴക്ക് നടന്നത് കേട്ടതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. ഇരട്ടക്കൊലയ്ക്ക് ശേഷം വീടുവിട്ടപോയ അക്മലിനെ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe