തൃശൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

news image
Mar 1, 2023, 1:27 pm GMT+0000 payyolionline.in

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി 3,000 രൂപയും, അനസ്തേഷ്യ ഡോക്ടർ, വീണവർഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് വിജിലൻസ് പിടിയിലായത്.

പാവറട്ടി പൂവത്തൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. തുടർന്ന് ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി ഡോക്ടർക്ക് 3,000 രൂപയും, അനസ്തേഷ്യ ഡോക്ടറായ വീണ വർഗീസിന് 2,000രൂപയും കൈക്കൂലിയായി നൽകണമെന്നും വർഗീസ് കോശി പരാതിക്കാരനോട് ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡി.വൈ.എസ്. പി ജിംപോളിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് മൂന്നരയോടെ ഹോസ്പിറ്റലിന് മുന്നിലുള്ള സ്വകാര്യ പ്രാക്ടീസ് ക്ലിനിക്ക് നടത്തുന്ന റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും ഡോക്ടർ വർഗീസ് കോശി 3000 രൂപയും, തൊട്ടടുത്ത് തന്നെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡക്ടർ വീണ വർഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങവെ വിജിലൻസ് ഇരുവരെയും കൈയോടെ പിടികൂടി.

രണ്ട് മാസങ്ങൾക്ക് മുമ്പ് പരാതിക്കാരന്റെ ഭാര്യ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് (പി.പി.എസ്) വിധേയമാക്കിയ സമയത്ത് ഡോക്ടർ. പ്രദീപ് വർഗീസ് കോശി 3,000 രൂപയും, ഡോക്ടർ വീണവർഗീസ് 2,000 രൂപയും പരാതിക്കാരനിൽ നിന്നും കൈക്കൂലിയായി വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ വിജിലൻസ്, തൃശൂർ യുനിറ്റ് പൊലീസ് സുപ്രണ്ട് ജിംപോളിനെ കൂടാതെ ഡി.വൈ.എസ്.പി സെബാസ്റ്റ്യൻ, ഇൻസ്പെക്ടർമാരായ സുനിൽകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കുമാരൻ, കരുണൻ, അമോദ്, എസ് സി.പി.ഒ സന്ധ്യ, സി.പി.ഒ അരായ – വിബീഷ്, സൈജുസോമൻ, അരുൺ ഗണേഷ്, ഡ്രൈവർ സി.പി.ഒ രതീഷ് എന്നിവരടങ്ങിയ വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe