തൃശൂരില്‍ ഹൈറിച്ച് നിക്ഷേപതട്ടിപ്പ് കേസ്: 212 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി, പ്രതികൾക്കായി അന്വേഷണം ഊർജിതം

news image
Jan 25, 2024, 9:33 am GMT+0000 payyolionline.in

തൃശൂർ: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടെുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 212 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടെടുത്തിരിക്കുന്നത്. നൂറുകോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് ഉടമകൾക്കെതിരായ ഇഡി കേസ്. സ്ഥാപന ഉടമ പ്രതാപൻ അടക്കം രണ്ടുപേരെ കേസിൽ ഇഡി പ്രതി ചേർത്തിരുന്നു, മണിചെയിൻ മാതൃകയിലുളള സാമ്പത്തിക ഇടപാടു വഴി കളളപ്പണം ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.

 

എന്നാൽ പ്രതാപനും ഭാര്യയും തൊട്ടുപിന്നാലെ ഒളിവിൽപ്പോയി. പ്രതികൾ നൽകിയ മുൻകൂ‍ർ ജാമ്യാപേക്ഷ ഈ മാസം 30ന് കൊച്ചിയിലെ കോടതി പരിഗണിക്കും. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കെതിരെയാണ് ഇ ഡി അന്വേഷണം പുരോ​ഗമിക്കുന്നത്. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടിൽ ഇഡി റെയിഡിനെത്തുന്നതിന് തൊട്ടു മുമ്പ് ജീപ്പിൽ ഡ്രൈവർക്കൊപ്പം രക്ഷപ്പെട്ടത്.

 

ഹൈറിച്ച് ദമ്പതിമാർ 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പൊലീസ് റിപ്പോര്‍ട്ട്.  നികുതി വെട്ടിപ്പ് കേസിൽ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ റെയിഡ് നടക്കുന്നത്. എന്നാൽ ഇഡി സംഘം എത്തും മുമ്പ് ഡ്രൈവര്‍ സരണിനൊപ്പം മഹീന്ദ്ര ഥാര്‍ ജീപ്പിൽ ദമ്പതിമാർ  രക്ഷപ്പെട്ടു. ഇവർക്ക് റെയിഡിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന.

 

ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പോലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പന്‍ നികുതിവെട്ടിപ്പ് നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe