തൃപ്പൂണിത്തുറയിലേക്ക്‌ കുതിക്കാൻ മെട്രോ; ഉദ്ഘാടനം നാളെ

news image
Mar 4, 2024, 1:50 pm GMT+0000 payyolionline.in

കൊച്ചി : കൊച്ചി മെട്രോ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനലിന്റെ ഉദ്‌ഘാടനം ബുധനാഴ്‌ച നടക്കും. രാവിലെ 10ന് കൊൽക്കത്തയിൽനിന്ന്‌ ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയത്തുതന്നെ തൃപ്പൂണിത്തുറ സ്റ്റേഷനിൽനിന്ന് ഭിന്നശേഷി കുട്ടികളുമായി ആദ്യട്രെയിൻ ആലുവയിലേക്ക്‌ പുറപ്പെടും.  പൊതുജനങ്ങൾക്കായുള്ള ട്രെയിൻ സർവീസും തുടർന്ന്‌ ആരംഭിക്കും.

പുതുതായി നിർമിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ ഉദ്‌ഘാടനച്ചടങ്ങുകൾ ആരംഭിക്കും. എസ്എൻ ജങ്‌ഷൻ സ്റ്റേഷൻമുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻവരെ 1.16 കിലോമീറ്റർ ദൂരമാണുള്ളത്‌. 1.35 ലക്ഷം ചതുരശ്രയടി വിസ്തീർണമാണ് തൃപ്പൂണിത്തുറ സ്‌റ്റേഷനുള്ളത്‌. ഇതിൽ 40,000 ചതുരശ്രയടി ടിക്കറ്റ് ഇതരവരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾക്കാണ്‌ നീക്കിവച്ചിരിക്കുന്നത്‌.

ഓപ്പൺ വെബ് ഗിർഡർ സാങ്കേതികവിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്എൻ ജങ്ഷൻ––തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്ററിലാണ്. ആലുവമുതൽ  തൃപ്പൂണിത്തുറ സ്റ്റേഷൻവരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം. ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനും ഉൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ്.


ആലുവമുതൽ തൃപ്പൂണിത്തുറ ടെർമിനൽവരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ, ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽനിന്ന് എസ്എൻ ജങ്ഷൻവരെയുള്ള യാത്രാനിരക്കായ 60 രൂപതന്നെ തൃപ്പൂണിത്തുറയിലേക്കും തുടരും. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ 15 രൂപ ഇളവോടെ യാത്ര ചെയ്യാം.

ഉദ്‌ഘാടനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി.സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ അത്തച്ചമയത്തിലെ വിവിധ കാഴ്ചകളാണ് മ്യൂറൽ ചിത്രങ്ങളായി ഒരുക്കിയിട്ടുള്ളത്‌. കേരളത്തിലെ വിവിധ നൃത്തരൂപ ശിൽപ്പങ്ങളുമായി ഒരുക്കിയ ഡാൻസ് മ്യൂസിയം മറ്റൊരു പ്രത്യേകതയാണ്. ഇതും ഉടൻ ജനങ്ങൾക്കായി തുറന്നുനൽകും. സ്‌റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇൻറ്റീരിയർ ഡിസൈനിലുമെല്ലാം തൃപ്പൂണിത്തുറയുടെ പൈതൃകം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe