കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.
പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ് അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.
തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക,
മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.
തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.