തിക്കോടി-കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ നിർമാണം അഞ്ചുമാസത്തിനുള്ളിൽ ആരംഭിക്കും: കെ. പ്രവീൺകുമാർ എം.എൽ.എ.

news image
Jun 29, 2026, 5:07 am GMT+0000 payyolionline.in

തിക്കോടി: തീരദേശവാസികളുടെ കാൽനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തിക്കോടി-മൂടാടി ഗ്രാമപ്പഞ്ചായത്തുകളുടെ അതിർത്തിയായ കോടിക്കൽ മിനി ഹാർബർ (ഫിഷ് ലാൻഡിങ് സെന്റർ) നിർമാണപ്രവർത്തനങ്ങൾ അഞ്ചുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. അറിയിച്ചു. സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി ഏഴരക്കോടി രൂപ വകയിരുത്തിയ പശ്ചാത്തലത്തിൽ കോടിക്കൽ കടപ്പുറം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയതായും തന്റെ കന്നി നിയമസഭാ പ്രസംഗത്തിൽ ഉന്നയിച്ച ഏക ആവശ്യമായിരുന്നു ഇതെന്നും എം.എൽ.എ. വ്യക്തമാക്കി. ഇനിയൊരു തറക്കല്ലിടൽ ചടങ്ങുണ്ടാകില്ലെന്നും നേരിട്ട് നിർമാണത്തിലേക്ക് കടന്ന് മുഖ്യമന്ത്രിയെക്കൊണ്ടുതന്നെ ഉദ്ഘാടനം ചെയ്യിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പ്രകൃത്യാതന്നെ തുറമുഖ രൂപത്തിലുള്ള കോടിക്കൽ പ്രദേശം പാറക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ടതായതിനാൽ ഇവിടെ തിരമാലകൾക്ക് ശക്തി കുറവാണ്. അതിനാൽ ഏത് കാലാവസ്ഥയിലും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി വള്ളങ്ങൾ കരയ്ക്കടുപ്പിക്കാം. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശക്തമായ കടൽക്ഷോഭ സമയങ്ങളിൽ അഴിത്തല മുതൽ കൊയിലാണ്ടി ഏഴുകുടിക്കൽ വരെയുള്ള പ്രദേശങ്ങളിലെ തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ തീരത്തെയാണ്.

 

​യാഥാർഥ്യമാകുന്നത് കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്

​2000 മേയ് 22-ന് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണനാണ് ഈ ഫിഷ് ലാൻഡിങ് സെന്ററിന് ശിലാസ്ഥാപനം നടത്തിയത്. പദ്ധതിക്കായി സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയതുൾപ്പെടെ നിലവിൽ 65 സെന്റോളം സ്ഥലം ഇവിടെയുണ്ട്. മുൻപ് 150 മീറ്ററോളം പുലിമുട്ട് നിർമിച്ചതൊഴിച്ചാൽ, പിന്നീട് വന്ന സർക്കാരുകളുടെ അവഗണന കാരണം ശിലാഫലകം കാടുമൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. കോടിക്കൽ ഹാർബറിന്റെ ഈ ദുരവസ്ഥയെക്കുറിച്ച് ‘മാതൃഭൂമി’ നിരന്തരം വാർത്തകൾ നൽകിയിരുന്നു. തുടർന്നാണിപ്പോൾ ബജറ്റിൽ തുക വകയിരുത്തി നിർമാണത്തിലേക്ക് കടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe