കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ; ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് കോണ്‍ഗ്രസ്സ് പരാതി നല്‍കി

news image
Jul 27, 2024, 3:07 pm GMT+0000 payyolionline.in

.

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് (എൻ ഡി ആർ എഫ്) കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കമ്മിറ്റികള്‍ പരാതി നല്‍കി. മാസ് കാഷ്വാലിറ്റി ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളെ അഭിമുഖീകരിക്കുവാനുള്ള യാതൊരു സംവിധാനവും താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കിയിട്ടില്ല എന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിയാണ് കൊയിലാണ്ടിയിലേത്. ഇതിന് പുറമെ റെയില്‍വേ ലൈന്‍, ഹാര്‍ബര്‍ ഉള്‍പ്പെടെയുള്ള കടലോര മേഖല എന്നിവയും താലൂക്ക് ആശുപത്രിയുടെ തൊട്ടരികില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഈ മേഖലകളിലെല്ലാം ഏത് നിമിഷവും വലിയ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ആവശ്യമായ യാതൊരു മന്‍കരുതല്‍ നടപടികളും താലൂക്ക് ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടില്ല.

എന്‍ ഡി ആര്‍ എഫ് ടീം കമാന്റര്‍ സുരേഷ് കുമാവത്ത്, ലൈസണ്‍ ഓഫീസര്‍ വൈശാഖ് എന്നിവര്‍ക്ക് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട്മാരായ അരുണ്‍ മണമലും രജീഷ് വെങ്ങളത്ത്കണ്ടിയും പരാതി കൈമാറുന്നു.

ഇതിന് പുറമെ മൂന്നാം നിലയ്ക്ക് മുകളിലേക്ക് ഫയര്‍ ആന്റ് സെയ്ഫ്റ്റി വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതും ലിഫ്റ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നതും വൈദ്യുതി വിതരണം താല്‍ക്കാലിക സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, നോര്‍ത്ത മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി എന്നിവര്‍ ചൂണ്ടിക്കാണിച്ചു. ്അപകടങ്ങളിലും മറ്റും പരിക്കേറ്റ് ഒരുപാട്‌പേര്‍ ഒരുമിച്ച് വരുന്ന സാഹചര്യം (മാസ് കാഷ്വാലിറ്റി) ഉണ്ടായാല്‍ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് രോഗികളെ ട്രയാജ് ചെയ്യാന്‍ പര്യാപ്തമായ എമര്‍ജന്‍സിമെഡിസിന്‍ വിഭാഗത്തിന്റെ അപര്യാപ്തതയും 24 മണിക്കൂറും പ്രവര്‍ത്തന നിരതമായ ഓര്‍ത്തോ, ന്യൂറോ, തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും എക്‌സ്-റ, സ്‌കാനിംഗ്, എം ആര്‍ ഐ തുടങ്ങിയവയുടെ ലഭ്യതക്കുറവും ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യമില്ലായ്മയും ഉയര്‍ത്തുന്ന വെല്ലുവിളികളും വലുതാണെന്ന് അരുണ്‍ മണമലും രജീഷ് വെങ്ങളത്ത്കണ്ടിയും ചൂണ്ടിക്കാണിച്ചു.

ഇതിന് പുറമെ ടോയ്‌ലറ്റ് മാലിന്യവും ഡയാലിസിസ് വെള്ളവും തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിടുന്നത് വന്‍തോതില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് കാരണമാകുന്നതായും ഇരുവരും പറഞ്ഞു. എന്‍ ഡി ആര്‍ എഫ് ടീം കമാന്റര്‍ സുരേഷ് കുമാവത്ത്, ലൈസണ്‍ ഓഫീസര്‍ വൈശാഖ് എന്നിവര്‍ പരാതി സ്വീകരിച്ചു. പരാതിയിലെ നിര്‍ദ്ദേശങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, ആരോഗ്യമന്ത്രാലയം എന്നിവര്‍ക്ക് കൈമാറണമെന്നും എന്‍ ഡി ആര്‍ എഫ് ടീം കമാന്റര്‍ സുരേഷ് കുമാവത്ത് നിര്‍ദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe