താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് മാർച്ചോടെ അടച്ചുപൂട്ടും: സമരസമിതിയുമായി ധാരണയിലെത്തി

news image
Aug 27, 2026, 10:12 am GMT+0000 payyolionline.in

താമരശ്ശേരി: താമരശ്ശേരിയിൽ ഏറെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവ് മാലിന്യ സംസ്‌കരണ കമ്പനി വരും മാർച്ചോടെ അടച്ചുപൂട്ടും. നിലവിലെ സ്ഥലത്ത് മാർച്ച് വരെ മാത്രമായിരിക്കും കമ്പനി പ്രവർത്തിക്കുകയെന്ന് ഉടമകൾ അറിയിച്ചു. സർക്കാർ കണ്ടെത്തുന്ന മറ്റൊരു വ്യവസായ പ്രദേശത്തേക്ക് ഫാക്ടറി മാറ്റിസ്ഥാപിക്കാനാണ് തീരുമാനം. പി.കെ. ഫിറോസ് എം.എൽ.എയുടെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മധ്യസ്ഥതയിൽ സമരസമിതിയുമായി ഫാക്ടറി ഉടമകൾ നടത്തിയ ചർച്ചയിലാണ് അന്തിമ കരാറിലെത്തിയത്. പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്.

​നേരത്തെ വെള്ളപ്പൊക്കത്തിൽ പ്ലാന്റിലെ കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിയതിനെ തുടർന്ന് സർക്കാർ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി വിധിയുണ്ടായെങ്കിലും ഉടമകൾ നാട്ടുകാരുമായും സർക്കാരുമായും സഹകരിച്ചു മുന്നോട്ടു പോകാൻ തയ്യാറാകുകയായിരുന്നു. മാർച്ച് വരെ പരിമിതമായ രീതിയിലാകും പ്ലാന്റ് പ്രവർത്തിക്കുക. ഒക്ടോബർ 21-ന് മാലിന്യ പ്ലാന്റിന് നേരെ നാട്ടുകാർ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിലും പ്ലാന്റിനും വാഹനങ്ങൾക്കും തീയിടുന്നതിലും കലാശിച്ചിരുന്നു. തുടർച്ചയായ സമരങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനമായിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe