‘തലശ്ശേരി ഇരട്ടക്കൊലക്ക് കാരണം ലഹരി വിൽപന ചോദ്യംചെയ്തത്’; റിമാൻഡ് റിപ്പോർട്ട് പുറത്ത്

news image
Nov 26, 2022, 6:23 am GMT+0000 payyolionline.in

തലശ്ശേരി: തലശ്ശേരിയിൽ നടന്ന ഇരട്ട കൊലപാതകത്തിനു പിന്നിൽ ലഹരി വിൽപന ചോദ്യംചെയ്തതാണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി ജാക്‌സന്റെ വീട്ടിൽ ലഹരി വിൽപന നടക്കുന്നുണ്ടെന്ന പരാതിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകനാണ് പരാതി നൽകിയതെന്നാണ് പ്രതികൾ സംശയിക്കുന്നത്. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ ഒന്നാം പ്രതി പാറായി ബാബു ഒൻപതു ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സൂചനയുണ്ട്.

കഴിഞ്ഞ 23ന് വൈകീട്ട് നാലോടെയാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപത്ത് കൊലപാതകം നടന്നത്. സി.പി.എം നെട്ടൂർ ബ്രാഞ്ചംഗം ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ (40), ബന്ധു തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ നെട്ടൂർ സ്വദേശി ഷാനിബ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതികളെല്ലാം സി.പി.എം പ്രവർത്തകരാണെന്നും ലഹരി മാഫിയ വളരുന്നത് പാർട്ടി തണലിലാണെന്നും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചിരുന്നു. എന്നാൽ, പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ വ്യക്തമാക്കുകയും ചെയ്തു. ലഹരി മാഫിയക്കെതിരെ പാർട്ടിയും സർക്കാരും നടത്തുന്ന പ്രവർത്തനങ്ങളിൽ വിറളി പൂണ്ടവരാണ് തലശ്ശേരി ഇരട്ട കൊലപാതകത്തിന് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും നിലപാട്.

എന്നാൽ, കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പാറായി ബാബു അടക്കമുള്ളവരുടെ പാർട്ടി ബന്ധമാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസിൽ മൂന്നാം പ്രതി നവീനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പേരിൽ ഒരാളാണ് നവീൻ. ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്. നവീൻ ആർ.എസ്.എസ്, ബി.ജെ.പി അനുഭാവിയാണെന്ന് തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe