ഡോ. വന്ദനയുടെ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കൾ; വിതുമ്പിക്കരഞ്ഞ് അമ്മ, ചേർത്ത് പിടിച്ച് ഗവർണർ

news image
Aug 2, 2023, 1:48 pm GMT+0000 payyolionline.in

തൃശൂർ: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. തൃശൂർ ആരോഗ്യ സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും വന്ദനയുടെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഏറെ വികാരനിർഭരമായിരുന്ന തൃശൂർ ആരോഗ്യ സർവകലാശാലയുടെ പതിനേഴാമത് ബിരുദ ദാനച്ചടങ്ങ്. സംസ്ഥാന ഗവർണറിൽ നിന്ന് ഡോക്ടർ വന്ദന ഏറ്റുവാങ്ങേണ്ടതായിരുന്ന ബിരുദ സർട്ടിഫിക്കറ്റ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വന്ദനയുടെ അച്ഛനും അമ്മയും ഏറ്റുവാങ്ങിയത്. മകളുടെ ജീവിതത്തിന്റെ അടയാളമായ ഡോക്ടർ ബിരുദം അവളില്ലാതെ ഏറ്റുവാങ്ങാനെത്തിയ മോഹൻദാസും വസന്തകുമാരിയും സദസ്സിനെയും വേദനയിലാഴ്ത്തി. ഗവണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ബിരുദമേറ്റ് വാങ്ങിയ അമ്മ വിതുമ്പിക്കരഞ്ഞു. വന്ദനയുടെ അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ച് ഗവർണർ ആശ്വസിപ്പിച്ചു.

ജോലിയോടുള്ള ആത്മാർത്ഥമായ സമീപനം ഉണ്ടായിരുന്ന കുട്ടിയായിരുന്നു വന്ദന, ഇനി ആർക്കും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് ഗവർണ്ണർ പറഞ്ഞു. ചടങ്ങ് തീർന്ന് പുറത്തിറങ്ങാൻ നേരം ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരോട് വന്ദനയുടെ മാതാപിതാക്കൾ നിറ കണ്ണുകളോടെ ചോദിച്ചു- ”അവളില്ലാതെ ഞങ്ങൾക്ക് ഇനി എന്തിനാണ് ഈ ബിരുദം… ഇതും അവളുടേതായിരുന്നല്ലോയെന്ന്”…

മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദനാദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe