ന്യൂഡൽഹി: ആർ.ജെകർ ആശുപത്രിയിലെ ബലാത്സംഗ കൊലക്ക് പിന്നാലെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷക്കായി ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സുപ്രീംകോടതി. സ്വമേധയ എടുത്ത് കേസിലാണ് സുപ്രീംകോടതി നടപടി.
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം മാത്രം മുൻനിർത്തിയല്ല ഇക്കാര്യത്തിൽ സ്വമേധയ കേസെടുത്തതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പറഞ്ഞു. രാജ്യത്തെ ഡോക്ടർമാരുടെ സുരക്ഷയെ കുറിച്ച് സംഭവം ചില ചോദ്യങ്ങൾ ഉയർത്തുന്നതിനാലാണ് കോടതി സ്വമേധയ കേസെടുത്തത്.
ഡോക്ടർമാരുടെ സുരക്ഷയിൽ കോടതിക്ക് കടുത്ത ആശങ്കയുണ്ട്. പ്രത്യേകിച്ച് വനിത ഡോക്ടർമാരുടെ കാര്യത്തിൽ. രാജ്യത്തെ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യമില്ലെങ്കിൽ അവർക്ക് തുല്യാവസരത്തിനുള്ള അവസരം നിഷേധിക്കുകയാണ് നമ്മൾ ചെയ്യുന്നത്. ഇയൊരു സാഹചര്യത്തിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷയെ കുറിച്ച് പഠിച്ച് പ്രോട്ടോകോൾ തയാറാക്കാൻ വേണ്ടി ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരായിരിക്കും കമിറ്റി അംഗങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാരാഷ്ട്ര, കേരള, തെലങ്കാന, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനായി നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.