ഡെങ്കിപ്പനിയ്‌ക്കും എലിപ്പനിയിയ്‌ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

news image
Jul 13, 2023, 4:12 am GMT+0000 payyolionline.in

തിരുവനന്തപുരം:  ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതാണ്. ജില്ലകളിലെ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ പ്രവർത്തനം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ഥാപനതലത്തിലും ഫീൽഡ് തലത്തിലും കാര്യമായ ഏകോപനം നടത്തണം. തദ്ദേശ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ വകുപ്പ്, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ ഏകോപനം താഴെത്തലത്തിൽ തന്നെ ഉറപ്പാക്കണം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.

കുട്ടികളിൽ ഇൻഫ്‌ളുവൻസ വ്യാപിക്കുന്നുണ്ടോയെന്ന് ശ്രദ്ധയോടെ പരിശോധിക്കണം. കുട്ടികൾ മാസ്‌ക് ഉപയോഗിക്കണം. ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡേറ്റ കൃത്യമായി പരിശോധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കണം. പരമാവധി മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങളിൽ മരുന്നുലഭ്യത ഉറപ്പാക്കണം. കെ.എം.എസ്.സി.എൽ. വഴി മഴക്കാല രോഗങ്ങൾക്കുള്ള മരുന്നുകൾ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല അഭിനന്ദനാർഹമായ രീതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചുള്ള കഴിഞ്ഞ 6 വർഷത്തെ മുഴുവൻ മരുന്നുകളും കൊടുത്തു തീർത്തിട്ടുണ്ട്. ഇൻഡന്റ് അനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടോയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണം. ആശുപത്രികളിലെ മരുന്നുകളുടെ ഉപയോഗം 30 ശതമാനം കുറയുന്ന മുറയ്ക്ക് തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം. ഐസൊലേഷൻ വാർഡുകൾ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe