‘ഡിജി യാത്ര’; വിമാനത്താവളങ്ങളിൽ ഇനി ‘മുഖം കാണിച്ച്’ കടന്നുപോകാം

news image
Dec 1, 2022, 2:42 pm GMT+0000 payyolionline.in

ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ ഇനി ‘മുഖം കാണിച്ച്​’ കടന്നുപോകാം. യാത്രക്കാരെ മുഖംകൊണ്ട്​ തിരിച്ചറിയുന്ന വിധം രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളിൽ ‘ഡിജി യാത്ര’ സംവിധാനത്തിന്​ തുടക്കം. വൈകാതെ കൂടുതൽ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തും.

മുഖം തിരിച്ചറിയൽ സാ​ങ്കേതികവിദ്യയിലൂടെ വിമാനത്താവളങ്ങളിൽ സുരക്ഷ പരിശോധനക്കുള്ള ക്രമീകരണമാണ്​ ഡിജി യാത്ര. യാത്രക്കാരനെ മുഖത്തിന്‍റെ പ്രത്യേകതകൾ കൊണ്ട്​ സംവിധാനം തിരിച്ചറിയും. ബോർഡിങ്​ പാസുമായി ഡിജിറ്റൽ സംവിധാനത്തിൽ ബന്ധിപ്പിക്കും. ഓരോ ചെക്ക്​ പോയന്‍റിലും ഈ തിരിച്ചറിയൽ സംവിധാനം പ്രയോജനപ്പെടുത്തും.

ആദ്യഘട്ടത്തിൽ ആഭ്യന്തര യാത്രക്കാർക്കു മാത്രമായി ഏഴു വിമാനത്താവളങ്ങളിലാണ്​ ഈ ക്രമീകരണം ഒരുക്കുന്നത്​. ഡൽഹി, ബംഗളൂരു, വാരാണസി എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഈ സംവിധാനത്തിന്​ തുടക്കം കുറിച്ചു. അടുത്ത മാർച്ചോടെ ഹൈദരാബാദ്​, കൊൽക്കത്ത, പുണെ, വിജയവാഡ എന്നീ വിമാനത്താവളങ്ങളിലും ഈ ക്രമീകരണം കൊണ്ടുവരും. ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ സജ്ജീകരണം ഏർപ്പെടുത്തും.

വിമാനത്താവളങ്ങളിലെ പ്രവേശനം ആയാസരഹിതവും വേഗത്തിലുമാക്കാനുള്ള ക്രമീകരണമാണ്​ ഡിജി യാത്ര ആപ്പിലൂടെ ഒരുക്കുന്നത്​. യാത്രക്കാരൻ ഡിജി യാത്ര ആപ്പിൽ വിശദാംശങ്ങൾ നൽകി ഒറ്റത്തവണ രജിസ്​ട്രേഷൻ നടത്തണം. ആധാർ അടിസ്ഥാനപ്പെടുത്തി യാത്രക്കാരന്‍റെ ചിത്രം ആപ്പിൽ സാക്ഷ്യപ്പെടുത്തും. തുടർന്ന്​ ബോർഡിങ്​ പാസ്​ സ്കാൻ ചെയ്ത്​ ആപ്പിലേക്ക്​ നൽകും. ഇത്​ വിമാനത്താവള സുരക്ഷ വിഭാഗവുമായി പങ്കുവെക്കുന്നു. ഐ.ഡിയും യാത്രാരേഖകളും യാത്രക്കാരന്‍റെ സ്മാർട്ട്​ ഫോണിലെ വാലറ്റിൽ ലഭ്യമാക്കും. വിമാനത്താവളത്തിലെ ഇ-ഗേറ്റിൽ മുഖം തിരിച്ചറിയുന്ന സജ്ജീകരണമുണ്ടാവും. യാത്രക്കാരനെയും യാത്രാരേഖയും ഇവിടെ ഡിജിറ്റൽ മാർഗത്തിൽ പരിശോധിക്കപ്പെടും. ഈ പ്രക്രിയ പൂർത്തിയാക്കി ഇ-ഗേറ്റ്​ വഴി യാത്രക്കാരന്​ വിമാനത്താവളത്തിൽ കടക്കാം.

ഡിജി യാത്ര ഫൗണ്ടേഷൻ എന്ന ലാഭേതര കമ്പനിക്ക്​ ഇതിനകം രൂപം നൽകിയിട്ടുണ്ട്​. എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ, കൊച്ചി, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്​, മുംബൈ വിമാനത്താവള കമ്പനികൾ എന്നിവയാണ്​ ഫൗ​​ണ്ടേഷന്‍റെ ഓഹരി ഉടമകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe