ട്രംപിന് നേരെ വധശ്രമം; 20കാരൻ ഉപയോഗിച്ചത് AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ, ബുള്ളറ്റ് തൊട്ടത് ചെവിയിൽ

news image
Jul 14, 2024, 8:13 am GMT+0000 payyolionline.in

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്തത് ഇരുപത് വയസുളള തോമസ് മാത്യു ക്രൂക്സ്. ഇയാളെ സീക്രട്ട് സർവീസ് സേന വെടിവെച്ചു കൊന്നു. പെൻസിൽവേനിയയിലെ ബട്ലറിൽ 15000 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവമുണ്ടായത്. ഇരുപതുകാരനായ അക്രമി ഉതിർത്ത വെടിയുണ്ട ട്രംപിന്റെ വലതു ചെവിയിൽ മുറിവേൽപ്പിച്ചു.

AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് തോമസ് മാത്യു ക്രൂക്സ് ട്രംപിന് നേരെ നിറയൊഴിച്ചത്. 200 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകൾത്തട്ടിൽ നിന്നാണ് ട്രംപിന് നേരെ ഉന്നം പിടിച്ചത്. വെടിയുണ്ടകളിൽ ഒന്ന് ട്രംപിന്റെ വലതു ചെവിയുടെ മുകളിൽ തട്ടി ചോരചിതറി. തലനാരിഴ വ്യത്യസത്തിലാണ് ട്രംപ് രക്ഷപ്പെട്ടത്. തോമസ് മാത്യു ക്രൂക്സിനെ ഉടൻ സീക്രട്ട് സർവീസ് സംഘം വെടിവെച്ചു കൊന്നു. അക്രമി നിറയൊഴിക്കുന്നതും സീക്രട്ട് സർവീസ് സേന തിരികെ വെടിവെക്കുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ട്രംപിന്റെ തല ലഷ്യമാക്കിയെത്തിയ ബുള്ളറ്റ് ന്യൂയോർക്ക് ടൈംസ് ഫോട്ടോഗ്രാഫർ ഡഗ് മിൽസിന്റെ ക്യാമറയിലും പതിഞ്ഞു. മുറിവേറ്റ ട്രംപിനെ യുഎസ് സീക്രട്ട് സർവീസ് സേന അതിവേഗം ആശുപത്രിയിലേക്ക് മാറ്റി. ട്രംപിന്റെ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ഡോക്ടർമാർ വിശദീകരിച്ചത്. അക്രമിയുടെ വെടിയേറ്റ് സദസിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ ട്രംപ് ന്യൂ ജേഴ്‌സിയിലേ വീട്ടിലേക്ക്  മടങ്ങി. ഇനി പതിന്മടങ്ങ് സുരക്ഷയിലാകും തെരഞ്ഞെടുപ്പ് പ്രചാരണം.

8500 അംഗങ്ങൾ ഉള്ള യുഎസ് സീക്രട്ട് സർവീസിനാണ് അമേരിക്കൻ മുൻ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതല. 52 വർഷത്തിന് ശേഷമാണ് അമേരിക്കയിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥി ആക്രമിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സീക്രട്ട് സർവീസിന്റെ കാര്യക്ഷമതയും ചോദ്യം ചെയ്യപ്പെടുന്നു. വെടി പൊട്ടിയപ്പോൾ മാത്രമാണ് അങ്ങനെ ഒരു അക്രമി അവിടെ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ കഴിഞ്ഞതെന്ന് എഫ്ബിഐ വക്താവ് വാർത്താ സമ്മേളനത്തിൽ സമ്മതിച്ചു.

ആക്രമണത്തെ അപലപിച്ച അമേരിക്കൻ പ്രസിഡന്റ ജോ ബൈഡൻ ട്രമ്പുമായി സംസാരിച്ചു. കൗമാരം വിടാത്ത ഒരു പയ്യൻ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിവാദ നായകനായ മുൻ പ്രസിഡന്റിന്റെ തല ഉന്നമിട്ട് നിറയൊഴിച്ചത് എന്തിന്? ആ ചോദ്യത്തിനാണ് അന്വേഷണ ഏജൻസികൾ ഉത്തരം തേടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe