റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ ശ്രമഫലമായാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹംസ കരളകുന്നൻ (58) നാടണഞ്ഞു. റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് നാട്ടിൽ കുടുംബത്തിന് വിവരം കിട്ടുകയും അവർ അഭ്യർഥിച്ചത് അനുസരിച്ച് വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർകാട്, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് സത്താർ താമരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അദ്ദേഹം കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
വെൽഫെയർ വിങ് കൺവീനർമാരായ ഹനീഫ മുതുവല്ലൂർ, ഷബീറലി കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് തുടർ ചികിത്സക്കായി കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു.