കൊയിലാണ്ടി: സംസ്ഥാനത്ത് ഹയർസെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ നൈപുണ്യ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ തുടക്കമാവുന്നു.
ഇതിൻ്റെ ഭാഗമായുള്ള സ്കൂൾ തല സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരണം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ -ഓഡിനേറ്റർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധകിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി , പി.ടി.എ പ്രസിഡണ്ട് വി സുചീന്ദ്രൻ, എസ്.എം.സി. ചെയർമാൻ ഹരീഷ് എൻ.കെ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, എസ്.എസ്. ജി കൺവീനർ എം.ജി. ബൽരാജ് , പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ എൻ.വി വത്സൻ , എം.സി പ്രശാന്ത്, എൻ.കെ വിജയൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എൻ. വി പ്രദീപ് കുമാർ സ്വാഗതവും ഷിജു. ഒ.കെ നന്ദിയും പറഞ്ഞു. എക്സിം എക്സിക്യൂട്ടീവ് (ലോജിസ്റ്റിക്), ഓൾ ഡിവൈസ് ഇൻസ്റ്റാൾലേഷൻ ഓപ്പറേറ്റർ എന്നീ കോഴ്സുകളാണ് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ അനുവദിച്ചത്.
കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുക വഴി ഔപചാരിക വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനത്തിനുള്ള അവസരം നൽകുക എന്നതാണ് സ്കിൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ ലക്ഷ്യം.. 23 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ കോഴ്സിൽ അഡ്മിഷൻ എടുക്കാം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുക, കുട്ടികൾക്ക് സ്വയം സംരഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരങ്ങളും നൽകുക എന്നിവയും ഇതിൻ്റെ ലക്ഷ്യങ്ങളിൽ പെടുന്നു.