ജയില്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

news image
Jul 22, 2023, 3:14 pm GMT+0000 payyolionline.in

തൃശൂർ : വിയ്യൂര്‍ ജയില്‍ അസിസ്റ്റൻറ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ സ്വദേശികളായ ആകാശ് തില്ലങ്കേരി (29 ), ജിജോ കെ.വി (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയത്. സെല്ലിന് മുന്നില്‍ അകത്തെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്ത വിധം ആകാശ് തുണിവച്ച് മറച്ചിരുന്നത് ചോദ്യം ചെയ്തതും ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയം പ്രകടിപ്പിച്ചതിലുമുണ്ടായ വിരോധമാണ് ജയില്‍ ഓഫീസ് മുറിയില്‍ സൂപ്രണ്ടിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്.

കാപ്പ ചുമത്തിയതിന് പിന്നാലെയാണ്  ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് അടക്കമുള്ളവരെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചത്. ഇവിടെ കഴിയുമ്പോഴാണ് ആകാശ് ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ ആക്രമിച്ചത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്. കാപ്പാ തടവുകാരായ സംസ്ഥാനത്തെ 130 ഗൂണ്ടകളെ ഈ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.

ആകാശിന്റെ സെല്ലിൽ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥനായ രാഹുൽ മുറിയുടെ ഒരു ഭാഗം തുണി വച്ച് മറച്ചു കെട്ടിയത് ചോദ്യം ചെയ്തു. ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചു. പിന്നാലെ തില്ലങ്കേരി ജയിലർക്ക് മുന്നിൽ പരാതിയുമായെത്തി. ഈ സമയം രാഹുലും അവിടേക്ക് വന്നു. ഈ സമയം ആകാശ് തില്ലങ്കേരി രാഹുലിന്റെ ചെവിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe