ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായേക്കും

news image
Oct 8, 2024, 8:38 am GMT+0000 payyolionline.in

ശ്രീനഗർ: പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. മത്സരിച്ച രണ്ടിടത്തും ഒമർ മുന്നിലാണ്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രമായി ചുരുങ്ങി. മെഹ്ബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ഉച്ച വരെയുള്ള കണക്ക് പ്രകാരം നാഷണൽ കോൺഫറൻസ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. 10 വർഷം മുൻപ് 2014ൽ 27 സീറ്റുകളിലാണ് സഖ്യം വിജയിച്ചത്. അതേസമയം 2014ൽ 28 സീറ്റിൽ വിജയിച്ച മെഹ്ബൂബ മുഫ്തിയുടെ പിഡിപി ഇത്തവണ മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ബിജെപി 2014ൽ 25 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ 2024ൽ അത് 29 ആയി ഉയർന്നു. ഇതോടൊപ്പം 9 സീറ്റുകളിൽ സ്വതന്ത്രരാണ് മുന്നേറുന്നത്.

മെഹബൂബയുടെ മകൾ ഇൽതിജ ഉൾപ്പെടെ തിരിച്ചടി നേരിട്ടു. ശ്രീഗുഫ്വാര-ബിജ്ബെഹറ മണ്ഡലത്തിലാണ് ഇൽതിജ മുഫ്തി ജനവിധി തേടിയത്. നാഷണൽ കോൺഫറൻസിന്‍റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് നിലവിൽ ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്- ‘ജനവിധി അം​ഗീകരിക്കുന്നു. ബിജ്‌ബിഹേരയിലെ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങൾക്കിടയിലും എനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവർത്തകരോട് നന്ദി പറയുന്നു’- ഇൽത്തിജ പറഞ്ഞു.

അതേസമയം കുൽഗാമിൽ സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി മുന്നേറുകയാണ്. സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് എതിരാളികൾ. 1996, 2002, 2008, 2014 എന്നിങ്ങനെ കുൽഗാമിൽ തുടർച്ചയായി നാല് തവണ വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്. അഞ്ചാം ജയം നേടിയാണ് ഇത്തവണ ഇറങ്ങിയത്.  73കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജമാഅത്തെ ഇസ്ലാമിയെ ജനം തള്ളിയെന്നും പ്രച്ഛന്ന വേഷക്കാർക്ക് രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും തരിഗാമി പ്രതികരിച്ചു.

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ഉയർത്തിയായിരുന്നു ഇത്തവണത്തെ ഇന്ത്യ സഖ്യത്തിന്‍റെ പ്രചാരണം.  ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിെത്തുമെന്ന് ചില സർവേകൾ പ്രവചിച്ചപ്പോൾ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മറ്റു ചില പ്രവചനങ്ങൾ.

അതിനിടെ വോട്ടെണ്ണൽ ദിനത്തിൽ ജമ്മു കശ്മീരിൽ ബിജെപിയുടെ അപ്രതീക്ഷിത നീക്കം വിവാദത്തിലായി. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണറുടെ അധികാരം വൻ തർക്കത്തിന് കാരണമായിരിക്കുകയാണ്. കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) ലെഫ്. ഗവർണർക്ക് ഇത്തരം അധികാരങ്ങൾ നൽകുന്നതിനെതിരെ രം​ഗത്തെത്തി. ഇത് ജനഹിതത്തെ അട്ടിമറിക്കലാണെന്നും ബിജെപി നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുമെന്നുമാണ് ബിജെപി ഇതര പാ‍ർട്ടികളുടെ വാദം.  ജമ്മു മേഖലയിൽ 43 സീറ്റുകളും കശ്മീർ മേഖലയിൽ 47 സീറ്റുകളും ഉൾപ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മു കശ്മീരിൽ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe