ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

news image
Jan 25, 2023, 8:41 am GMT+0000 payyolionline.in

കശ്മീര്‍: ജമ്മു കശ്മീരില്‍ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തി വച്ചു. റമ്പാന്‍, ബനിഹാള്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിര്‍ത്തിവയ്ക്കേണ്ടി വന്നത്. പ്രതികൂല സാഹചര്യത്തില്‍ യാത്ര തുടരരുതെന്ന്  ജമ്മു കശ്മീര്‍ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളത്തെ വിശ്രമത്തിന് ശേഷം യാത്ര മറ്റന്നാള്‍ തുടരും.

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ജമ്മുവില്‍ പ്രവേശിച്ചത്. 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുക. ബുധനാഴ്ച രാവിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ കനത്ത മഴയെ തുടർന്ന് റംബാൻ ജില്ലയില്‍ ട്രക്ക് ഡ്രൈവർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

അതേസമയം, ഭാരത് ജോഡോ യാത്ര വിജയകരമാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും രാഹുല്‍ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തക സമിതിയുടെ അഭിപ്രായം അതാണ്. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട് പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളിയ രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കോൺഗ്രസിന് അങ്ങനെ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

രാജ്യത്ത് സൈന്യം നടത്തുന്ന കൃത്യങ്ങളുടെ തെളിവ് ഹാജരാക്കേണ്ടതില്ല. ഭാരത് ജോഡോ യാത്ര മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാധ്യമങ്ങൾ അത് കാണാതെ പോകുന്നുവെന്ന് മാത്രമേയുള്ളൂ. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്ത് വരുമെന്നും കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ സത്യത്തെ അടിച്ചമർത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe