ജമ്മു കശ്മീരിലെ ഇരട്ട സ്ഫോടനം: അന്വേഷണം എൻഐഎയ്ക്ക്, പ്രതിഷേധവുമായി നാട്ടുകാർ, ദില്ലിയിൽ സുരക്ഷ

news image
Sep 29, 2022, 5:36 am GMT+0000 payyolionline.in

ദില്ലി: ജമ്മു കാശ്മീരിലെ ഉധംപൂരിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തും. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും വളരെ ഗൗരവത്തോടെയാണ് സ്ഫോടനത്തെ നോക്കിക്കാണുന്നത്.

ഇന്ന് രാവിലെ ഉധംപൂരിൽ ബസ് സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിനകത്താണ് സ്ഫോടനമുണ്ടായത്. 8 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്. ഇന്നലെ രാത്രി 10:45 ന് ഉധംപൂരിലെ ദോമെയിൽ ചൗക്കിൽ ബസിൽ സ്ഫോടനം നടന്നിരുന്നു. ആ സംഭവത്തിലാണ് 2 പേർക്ക് പരിക്ക് പറ്റിയത്.

ഉധംപൂരിലെ രണ്ടാമത്തെ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. ഉധംപൂരിലെ പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ട ബസിൽ നടന്ന ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് പറയുന്നു. ഉധംപൂരിൽ ഇന്ന് സ്ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും ബോംബ് സ്കാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇരട്ട സ്ഫോടനങ്ങളെ തുടർന്ന് നാട്ടുകാർ ഉധംപൂരിൽ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം കശ്മീരിൽ നടന്ന ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദില്ലിയിൽ പൊലീസ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും ദില്ലി പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe