ന്യൂ ഡൽഹി: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിൻ്റെ വില 1890.50 ആയി. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി. മുംബൈയിൽ ഗാർഹിക സിലിണ്ടറിന് 912.50 രൂപയും വാണിജ്യ സിലിണ്ടറിന് 1835 രൂപയുമാണ് വില. കൊൽക്കത്തയിൽ ഗാർഹിക സിലിണ്ടറിന് 939 രൂപയും വാണിജ്യ സിലിണ്ടറിന് 1990 രൂപയുമായി. ചെന്നൈയിൽ ഗാർഹിക സിലിണ്ടറിന് 928.50 രൂപയും വാണിജ്യ സിലിണ്ടറിന് 2043.50 രൂപയുമാണ്.
അതേസമയം, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വ്യക്തമാക്കി.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ക്രൂഡ് ഓയിൽ വിലയെയും ഊർജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവർധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക് കൂട്ടൽ. എന്നാൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
