ചൈനയില്‍ പുതിയ കൊവിഡ് തരംഗം; ശക്തമായ തരംഗമെന്ന് റിപ്പോര്‍ട്ടുകള്‍

news image
May 26, 2023, 5:22 am GMT+0000 payyolionline.in

കൊവിഡ് 19 രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത് ചൈനയിലാണ്. 2019 അവസാനത്തോടെ ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീടിങ്ങോട്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നെത്തി.

എന്നാല്‍ ചൈനയില്‍ കൊവിഡ് എത്രമാത്രം നാശം വിതച്ചുവെന്നതില്‍ കൃത്യമായ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴും ചൈനയിലെ കൊവിഡ് മരണനിരക്ക്, ആകെ കൊവിഡ് കേസുകള്‍ എന്നിവയിലെല്ലാം അവ്യക്തതയാണുള്ളത്.

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപകമാകുന്നതിനിടെ ഒരു ഘട്ടത്തില്‍ തങ്ങള്‍ പൂര്‍ണമായും കൊവിഡ് മുക്തരായി എന്ന അവകാശവാദത്തോടെ ചൈന ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു. എന്നാല്‍ ഇതിനിടെയും ഇതിന് ശേഷവുമെല്ലാം ചൈനയില്‍ കൊവിഡ് കേസുകള്‍ വന്നിരുന്നു എന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ചൈന ഔദ്യോഗിക സ്ഥിരീകരണം നല്‍കിയില്ല.

ഇപ്പോഴിതാ ചൈനയില്‍ വീണ്ടും ശക്തമായൊരു കൊവിഡ് തരംഗം ആരംഭിച്ചിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്ത. ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങള്‍ കൊവിഡ് മുക്തരായി എന്ന് ചൈന പ്രഖ്യാപിച്ചതിന് ശേഷം വരുന്ന ശക്തമായ തരംഗമാണിതെന്നും ജൂണില്‍ കൂടുതല്‍ ശക്തമായേക്കാവുന്ന തരംഗത്തില്‍ ലക്ഷക്കണക്കിന് കേസുകള്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

XBB ഒമിക്രോൺ വകഭേദങ്ങളാണത്രേ നിലവില്‍ ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇതിനെതിരെ പ്രയോഗിക്കാവുന്ന വാക്സിനുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് ചൈനയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

‘XBB ഒമിക്രോൺ ഉപവകഭേദങ്ങള്‍ക്കായുള്ള രണ്ട് പുതിയ വാക്സിനുകള്‍ പ്രാഥമികമായ അനുമതിക്കായി കാത്തിരിക്കുകയാണ്. മൂന്നോ നാലോ മറ്റ് വാക്സിനുകളും ഉടനെത്തുമെന്ന് പറയപ്പെടുന്നു. എന്നാലിതിന്‍റെയൊന്നും വിവരം കൃത്യമായി ലഭ്യമല്ല…’- ചൈനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ( പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍) സോങ് നാൻഷൻ പറുന്നു.

നിലവില്‍ ചൈനയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ഇവിടെ നിന്നുള്ള പല വിദഗ്ധരും സൂചിപ്പിക്കുന്നത്. രോഗതീവ്രത കുറവായിരിക്കുമെന്നതിനാല്‍ മരണനിരക്ക് ഉയരുമോ എന്ന ഭയം ഇല്ല. അതോടൊപ്പം തന്നെ വാക്സിനുകളും വലിയ ആശ്വാസമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

യുഎസിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ യുഎസിലും പുതിയ തരംഗത്തിന് കാരണമാകുമോയെന്ന് ആശങ്കയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe