ചിന്താ ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണം; ഗവർണർക്കും വിസിക്കും പരാതി

news image
Jan 30, 2023, 12:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: കോപ്പിയടിയും തെറ്റായ വിവരങ്ങളുടേയും പേരിൽ വിവാദത്തിലായ ചിന്താ ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവ്വകലാശാല വിസിക്കും പരാതി നൽകി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. ഗവേഷണത്തിൽ ചിന്തയുടെ ഗൈഡായി പ്രവർത്തിച്ച മുൻ പ്രോ വൈസ് ചാൻസലർ ഡോ.അജയകുമാറിൻ്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ  ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിൻറെ  പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സർവ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്.

ജന്മിത്വത്തിനെതിരായ പോരാട്ടത്തിൽ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ  ഉണർത്ത് പാട്ടായി പോലും കേരളം ഏറ്റെടുത്ത കവിത ഏറ്റുചൊല്ലാത്ത മലയാളി ഉണ്ടാകില്ല. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശൻറെയും രഞ്ജിത്തിൻറെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക്എത്തുന്നത്. ഈ ഭാഗത്താണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി വച്ചത്.

യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും അനങ്ങാതെ കേരള സർവ്വകലാശാല. ചിന്താ ജെറോമും വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറുമ്പോൾ ആരോപണം പ്രശ്നം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ചിന്തയുടെ ഡോക്ടറേററ് റദ്ദാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe