ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ കേസ്. ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയിൽ കർണാടകയിലെ ബഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ നടൻ കഴിഞ്ഞ ദിവസമിട്ട പോസ്റ്റ് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാരിക്കേച്ചർ പ്രകാശ് രാജ് പങ്കുവെച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നടൻ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെയാണ് പരിഹസിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. ചിത്രത്തിൽ ഉദ്ദേശിച്ചത് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. ശിവനെയാണെന്നും ആരോപണമുയർന്നിരുന്നു.
തുടർന്ന് വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തി. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അമേരിക്കൻ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോങ്ങിന്റെ കാലഘട്ടത്തിലെ തമാശയെ പരാമർശിച്ചായിരുന്നു മുൻ ട്വീറ്റെന്നായിരുന്നു വിശദീകരണം. ‘വെറുപ്പ് പ്രചരിപ്പിക്കുന്നവർ വെറുപ്പ് മാത്രമേ കാണൂ, കേരളത്തിൽനിന്നുള്ള ചായക്കടക്കാരനെയാണ് ഉദ്ദേശിച്ചത്’, പ്രകാശ് രാജ് കൂട്ടിച്ചേർത്തു.