ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ നാമമാത്ര സർവീസുകൾ, രൂക്ഷമായ പ്രതിസന്ധി

news image
May 12, 2023, 1:48 am GMT+0000 payyolionline.in

കണ്ണൂർ: ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസ് നിർത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. ഇതോടെ രണ്ട് വിമാനക്കന്പനികള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി മാറിയിരിക്കുകയാണ് കണ്ണൂര്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ കുത്തനെ ഉയര്‍ത്തിയതോടെ യാത്രക്കാരും പ്രതിസന്ധിയിലായി.

അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദിനംപ്രതി എട്ടു സര്‍വീസുകളാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടത്തിയിരുന്നത്. ദുബൈ, അബുദാബി, മസ്ക്റ്റ്, കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്കായിരുന്നു ഗോ ഫസ്റ്റിന്‍റെ സര്‍വീസുകള്‍,. കണ്ണൂരില്‍ നിന്നും കുവൈത്ത്, ദമാം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നു. ഗോഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ പ്രതിമാസം 240 സര്‍വീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക. ഇതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് എയര്‍ ഇന്ത്യ വന്‍ തോതില്‍ വര്‍ധിപ്പിച്ചത് യാത്രക്കാര്‍ക്കും തിരിച്ചടിയായി.

വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. അതേസമയം ഗോ എയറില്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് എടുത്തവര്‍ക്ക് റീ ഫണ്ട് കിട്ടാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ട്രാവല്‍ ഏജന്‍സികളെയും ഇത് പ്രതികൂലമായി ബാധിച്ചു. നാട്ടിലേക്ക് മടങ്ങാനായി ഗോ ഫസ്റ്റിന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ കിട്ടുന്നില്ലെന്ന് മാത്രമല്ല, കണ്ണൂരിലേക്ക് വരാന്‍ വിമാനങ്ങളില്ലെന്നതും പ്രശ്നം സൃഷ്ടിക്കുന്നു. മറ്റു വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe