ദില്ലി: കർഷക സംഘടനകളുടെ രാജ്യ വ്യാപക ട്രെയിൻ തടയൽ സമരം തുടങ്ങി. വൈകുന്നേരം നാല് മണി വരെയാണ് സമരം. പഞ്ചാബിലെ പ്രധാനകേന്ദ്രങ്ങളിലെ ട്രെയിൻ ഗതാഗതം അടക്കം തടസപ്പട്ടു. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പഞ്ചാബിലെ വിവിധ മേഖലകൾ. സമാധാനപരമായിട്ടാണ് സമരമെന്നും വരും ദിവസങ്ങളിൽ സമരത്തിന്റെ ശക്തി കൂട്ടുമെന്നും കർഷകസംഘടനകൾ അറിയിച്ചു.
ഇതിനിടെ ഹരിയാനിലെ കർഷകനേതാക്കൾക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നൽകി. സമരം അവസാനിപ്പിക്കണമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലിന്റെ അഭ്യർത്ഥന കഴിഞ്ഞ ദിവസവും കർഷകർ തള്ളിയിരുന്നു. അതേസമയം പഞ്ചാബിലെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ അവിടെത്തന്നെ സമരം തുടരും. ജന്തർ മന്തറിലെത്തി സമരം ചെയ്യാൻ ശ്രമിച്ച കർഷകരെ പോലീസ് അറസ്റ്റ് ചെയ്യുകയാണെന്നും സമരക്കാർ ആരോപിച്ചു.