‘ക്രൈസ്തവന്റെ ക്ഷമയെ ദൗർബല്യമായി കരുതി ആക്രമിക്കരുത്’; അമൽജ്യോതി കോളേജ് വിവാദത്തിൽ സിറോ മലബാർ സിനഡ്

news image
Jun 19, 2023, 2:07 pm GMT+0000 payyolionline.in

കൊച്ചി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലുണ്ടായ സംഭവങ്ങളുടെ പേരില്‍  ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമെന്ന് സീറോ മലബാർ സിനഡ്. ക്രൈസ്തവന്‍റെ ക്ഷമയെ  ദൗർബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് സിനഡ് വ്യക്തമാക്കി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്ന് നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വർ​ഗീയ കൂട്ടുകെട്ടുകളെ ശക്തമായി അപലപിക്കുന്നുവെന്നും സിനഡ് വ്യക്തമാക്കി. ക്രൈസ്തവ സ്നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണെന്നും സിനഡ് വിശദീകരിച്ചു.

രണ്ടാം വർഷ ബിരു വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നാണ് അമൽ ജ്യോതി കോളേജ് വിവാദത്തിലായത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് കോളേജിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പൊലീസിന് നിർദ്ദേശം ലഭിച്ചു. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവർക്കാണ് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി.

ഹർജിയിൽ എതിർ കക്ഷികളായ രാഷ്ട്രീയ – യുവജന സംഘടനകൾക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷാണ് കേസ് പരിഗണിച്ചത്. കോളേജിൽ ഇപ്പോഴും സമരം നടക്കുന്നുണ്ടെന്നാണ് ഹർജിയിൽ മാനേജ്മെന്റ് പറഞ്ഞത്. ഇതുമൂലം അഡ്മിഷൻ നടപടികൾ തടസപ്പെട്ടുവെന്നും പരാതി ഉന്നയിച്ചിരുന്നു. കോളേജിൽ നൂറോളം പൊലീസുകാർ ഇപ്പോഴുമുണ്ടെന്ന് സർക്കാർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe