ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സിംഗപ്പൂരിൽ കുതന്ത്രങ്ങൾ നടന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സന്ദർശനത്തിന് പിന്നാലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാർത്തസമ്മേളനം നടത്തിയിരുന്നു.
‘കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ തന്ത്രങ്ങൾ മെനയുന്നതിന് പകരം അത് പ്രാവർത്തികമാക്കാനാണ് അവർ സിംഗപ്പൂരിലേക്ക് പോയത്. ഞങ്ങൾക്ക് എല്ലാമറിയാം’ എന്നായിരുന്നു ഡി.കെയുടെ പ്രതികരണം. കർണാടക സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്ന് ബസവരാജ് ബൊമ്മൈയും കുമാരസ്വാമിയും സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
അതേസമയം, ബി.ജെ.പിയുമായോ എൻ.ഡി.എയുമായോ സഖ്യത്തിനില്ലെന്ന് ജെ.ഡി-എസ് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കിയിരുന്നു. പാർട്ടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും മറ്റാരുമായും സഖ്യത്തിനില്ലെന്നും ദേവഗൗഡ പറഞ്ഞിരുന്നു.