കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് മികവ് പുലർത്തി

news image
Aug 22, 2024, 2:13 pm GMT+0000 payyolionline.in

കൊയിലാണ്ടി: കെ.പി.സി.സി.യുടെ വയനാട് ക്യാമ്പ് എക്സിക്യുട്ടീവ് തീരുമാനപ്രകാരം നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യുട്ടീവ് ഇരിങ്ങൽ സർഗാലയ ഓഡിറ്റോറിയത്തിൽ നടന്നു. ഡി.സി.സിയുടെ നിദ്ദേശാനുസരണമുള്ള 125ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.

ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അദ്ധ്യക്ഷൻ അഡ്വ കെ പ്രവീൺ കുമാർ പതാകയുയർത്തിയതോടു കൂടി ക്യാമ്പ് എക്സിക്യുട്ടീവ്വിന് തുടക്കം കുറിച്ചു. സേവാദൾ ദേശീയ സെക്രട്ടറി വേണുഗോപാൽ വന്ദേമാതര ഗാനം ആലപിച്ചു. പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.ടി വിനോദൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു .നിയോജക മണ്ഡലത്തിൻ്റെ ചാർജ്ജു വഹിക്കുന്ന കെ.പി.സി.സി. മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ ആദ്ധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ വിലങ്ങാടും വയനാട്ടിലും ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ പേരിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ കെ പി സി സി പ്രസിഡന്റും, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.ജില്ലാ കോണ്ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ മാർഗ്ഗരേഖ അവതരിപ്പിച്ചു’ ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തന രൂപരേഖയയും അതിനാവശ്യമായ മുന്നൊരുക്കങ്ങളും മാർഗ്ഗരേഖ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.

പയ്യോളി, കൊയിലാണ്ടി മുൻസിപ്പാലിറ്റികളും, ചേമഞ്ചേരി, ചെങ്ങോട്ട് കാവ്, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന കൊയിലാണ്ടി നിയോജക മണ്ഡലം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുന്നതിന് ഉതകുന്ന ക്യാമ്പിന്റ പ്രസക്തി വിശദീകരിച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളി സാറിന്റെ ഉത്ഘാടനപ്രസംഗം തുടങ്ങിയത്. പാർട്ടിയിലെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പാർട്ടിയെ ശക്തി പെടുത്തുന്നതിനാകണം എന്നും ലോകസഭാ തിരെഞ്ഞെടുപ്പ് വിജയം മാനദണ്ഡമാക്കിയുള്ള പ്രവർത്തനമല്ല വേണ്ടത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെ പി സി സി സെക്രട്ടറിമാരായ അഡ്വ ഐ മൂസ, സുനിൽ മടപ്പളി ആശംസകൾ അർപ്പിച്ചു തുടർന്ന് മണ്ഡലം കമ്മറ്റികൾ ഗ്രൂപ്പുകളായി തിരിഞ്ഞു മാർഗ്ഗരേഖയിൽ അവതരിപ്പിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിന് ആവശ്യമായ ഡീലിമിറ്റേഷൻ കമ്മറ്റിക്കും കോർ കമ്മറ്റിക്കും യോഗത്തിൽ രൂപം നൽകി. ആഗസ്റ്റ് 30ന് മുൻപ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യുട്ടീവുകൾ നടത്തുവാനും തീരുമാനിച്ചു. ഗ്രൂപ്പ് ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ അതാത് മണ്ഡലം പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. ഡി.സി.സി. ഭാരവാഹികളായ വി പി ഭാസ്കരൻ, അഡ്വ വിജയൻ, കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. കൊയിലാണ്ടി ബ്ലോക്കിന്റെ ചാർജുള്ള കെ പി സി സി മെമ്പർ രത്നവല്ലി ടീച്ചർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടു കൂടി 4.30 ന് ക്യാമ്പ് എക്സിക്യുട്ടീവ് സമാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe