കോഴിക്കോട് മെഡി.ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം: അടിയന്തര അന്വേഷണത്തിന് നിർദേശം

news image
Oct 16, 2022, 5:01 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ സംഘത്തെത്താണ് അന്വേഷണത്തിനായി നിയോഗിച്ചത്.

 

ജോയിന്റ് ഡയറക്ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ചു നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി.

വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഇതിനിടെ, വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകാൻ ഹർഷിനയോടെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe