കോഴിക്കോട്: നഗരമധ്യത്തിലെ മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളി വളപ്പിൽ ആറ് മാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ പള്ളിയുടെ പിൻവശത്തെ വരാന്തയിലാണ് പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിയിൽ എത്തിയ പാലക്കാട് സ്വദേശികളായ തീർത്ഥാടക സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പള്ളി വളപ്പിൽ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് യുവതിയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. വരാന്തയുടെ സിസിടിവി ക്യാമറകൾ ഇല്ലാത്ത ഭാഗത്താണ് പ്രസവം നടന്നതെന്ന് കരുതപ്പെടുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
