കോഴിക്കോട്: നഗരത്തിലെ പ്രധാന റോഡുകൾ, നടപ്പാതകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിൽ അനധികൃത തെരുവുവ്യാപാരം വർധിച്ചുവരികയാണ്. യാത്രക്കാർക്ക് നടക്കാനാകാതെ ഇരിക്കുന്ന രീതിയിൽ നടപ്പാതകൾ കൈയേറിയിട്ടും അധികൃതർ അടിയന്തര നടപടി സ്വീകരിക്കുന്നില്ല.
തൊഴിലാളി യൂനിയനുകളുടെ പിന്തുണയും ഇത്തരക്കാർക്കു ലഭിക്കുന്നുണ്ട്. മാനാഞ്ചിറ, പാളയം, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, മിഠായിത്തെരുവ്, സിറ്റി സ്റ്റാൻഡ്, ബീച്ച്, റെയിൽവേ സ്റ്റേഷൻ പരിസരം, ഭട്ട് റോഡ്, കണ്ണംപറമ്പ്, മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി പരിസരം, വലിയങ്ങാടി തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അനധികൃത തട്ടുകടകൾ നിറഞ്ഞിരിക്കുകയാണ്.
ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങിയവക്ക് സമീപവും അനധികൃത തെരുവു വ്യാപാരം തകൃതിയായി നടക്കുന്നുണ്ട്. ഇത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. തട്ടുകടകൾ റോഡിലേക്ക് ഇറക്കിവെക്കുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്നതായും പരാതിയുണ്ട്. ഒരു തരത്തിലുമുള്ള ലൈസൻസും കൂടാതെയാണ് ഉന്തുവണ്ടികളിലും വാഹനങ്ങളിലുമായി സാധനങ്ങൾ വിൽപന നടത്തുന്നത്. ഭക്ഷണം വിൽക്കുന്ന തട്ടുകടകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രോട്ടോകോളും പാലിക്കുന്നില്ല. രാത്രിയിൽ മാത്രം സജീവമാകുന്ന തട്ടുകടകളും ധാരാളമാണ്. ബീച്ചിലടക്കം അനധികൃത തട്ടുകടകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപനയും നടക്കുന്നുണ്ട്.