കൊല്ലത്തെ സ്ത്രീധന പീഡനം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ 

news image
Oct 8, 2026, 3:32 am GMT+0000 payyolionline.in

കൊല്ലം: കൊല്ലത്ത് നവവധുവിന് നേരിടേണ്ടിവന്ന ക്രൂരമായ സ്ത്രീധന പീഡന സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട കമ്മീഷൻ, സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കേരള പോലീസിന് നിർദേശം നൽകി. കേസിൽ ആരോപണവിധേയർക്കെതിരെ ഉടനടി കർശന നടപടിയെടുക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

​പെൺകുട്ടിയുടെ ഭർത്താവായ പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടിൽനിന്ന് 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതിയെ നാട്ടിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് ബാക്കിയുണ്ടായിരുന്ന പണംകൂടി പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 20 പവനിലധികം സ്വർണാഭരണങ്ങൾ പ്രതിയുടെ വീട്ടിലുണ്ട്. വിദേശത്തുവെച്ചാണ് നവവധുവിന് ഭർത്താവിൽനിന്ന് മൃഗീയമായ മർദനമേറ്റത്. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

​പ്രഷർ കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ, ബെൽറ്റ് എന്നിവ ഉപയോഗിച്ചാണ് പ്രതി ക്രൂരമായി മർദിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുത്തൻതുറ സ്വദേശിനിയായ യുവതി പറഞ്ഞു. ഭർത്താവിന് കടുത്ത സംശയരോഗമാണെന്നും കരഞ്ഞു യാചിച്ചിട്ടും ഉപദ്രവം നിർത്തിയില്ലെന്നും യുവതി വെളിപ്പെടുത്തി. രണ്ടുമാസം മുൻപ് വിവാഹിതയായ മകളെ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ടാണ് പീഡിപ്പിച്ചതെന്നും ജീവൻ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമാണെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി. ഒടുവിൽ വീട്ടുകാർ ടിക്കറ്റെടുത്ത് നൽകിയാണ് പരിക്കേറ്റ യുവതിയെ നാട്ടിലെത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe