കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ, കോഴിക്കോട് സറീന ട്രസ്റ്റ്, എഡ്യൂടെക് കൊയിലാണ്ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗൺഹാളിൽ സംഘടിപ്പിച്ച “പ്രചോദക വാർധക്യം” പരിപാടി ശ്രദ്ധേയമായി. വിദ്യാഭ്യാസ രംഗത്തെ സമർപ്പിത സേവനവും സാമൂഹിക ഇടപെടലുകളും മുൻനിർത്തി തിരഞ്ഞെടുത്ത പത്ത് മുതിർന്ന അധ്യാപകർക്ക് ചടങ്ങിൽ വെച്ച് ‘പ്രചോദക ജീവിത പുരസ്കാരം’ നൽകി ആദരിച്ചു.
കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സറീന ട്രസ്റ്റ് ചെയർമാനും മുൻ കൊളീജിയറ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ പ്രൊഫ. പി.പി. സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ വ്യക്തിമുദ്ര പതിപ്പിച്ച കെ.കെ. ബാലൻ, പി. സുധാകരൻ, സോമൻ വായനാരി, കെ.എ. ഇന്ദിര, നടേരി ദാമോദരൻ, എം.എം. ചന്ദ്രൻ, രാജൻ പഴങ്കാവിൽ, കെ.കെ. നാരായണൻ, ഷംസുദ്ദീൻ, ശ്രീനിവാസൻ എന്നീ അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്. ഈ അധ്യാപകരുടെ ജീവിതാനുഭവങ്ങളെ മുൻനിർത്തി ഡോ. പി.എം. പ്രഭാകരൻ അവതരിപ്പിച്ച “പാഠപുസ്തകങ്ങൾക്കപ്പുറം” എന്ന കരിയർ മെന്ററിംഗ് പരിപാടി ഏറെ ശ്രദ്ധേയവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതുമായി.
ചടങ്ങിൽ ഡോ. പി.എം. പ്രഭാകരൻ, എം.ജി. ബൽരാജ്, പി.എം. സജിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ “സന്ധ്യാതാരകേ…” എന്ന മനോഹരമായ സംഗീത പരിപാടിയും അരങ്ങേറി.
