കൈക്കൂലി വാങ്ങവെ തിരുവല്ല താലൂക്ക് ഓഫീസ് അറ്റൻഡര്‍ വിജിലൻസ് പിടിയിൽ; 7 വര്‍ഷം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ

news image
Mar 19, 2024, 1:26 pm GMT+0000 payyolionline.in

പത്തനംതിട്ട: കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല താലൂക്ക് ഓഫീസിലെ അറ്റൻഡര്‍ പി വിൻസിക്ക് ഏഴ് വര്‍ഷം കഠിനതടവ്. 45000 രൂപ പിഴ അടക്കാനുമാണ് കോടതി വിധി. പതിനായിരം രൂപ വാങ്ങിയ കേസിലാണ്, തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. പത്തനംതിട്ട ജില്ലയിലെതിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന വിൻസി.

നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച് സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിനാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 2014 നവംബർ 18-നാണ് കൈക്കൂലി വാങ്ങവെ കയ്യോടെ വിൻസിയെ പിടികൂടിയത്. വിജിലൻസ് കേസിൽ വിൻസി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തുകയായിരുന്നു.

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന എം എൻ രമേശാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000 രൂപയും, മൂന്ന് വർഷം കഠിനതടവും 20,000  രൂപയും  ഉൾപ്പെടെ ആകെ 7 വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽപറയുന്നു. പ്രതിയെ റിമാൻ ചെയ്ത് ജയിലിലടച്ചു.

പത്തനംതിട്ട വിജിലൻസ് ഡി വൈ എസ് പി യായിരുന്ന കെ ബൈജു കുമാർ അന്വേഷണം നടത്തിയ കേസിൽപത്തനംതിട്ട വിജിലൻസ് ഡി വൈഎസ്പി യായിരുന്ന പിടി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് കുമാർ എൽ ആർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ  ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe