തിരുവനന്തപുരം: നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ (എ.ബി.സി) ആരംഭിക്കുന്നതിന് വിലങ്ങുതടിയായ പുതിയ ചട്ടങ്ങൾക്കെതിരെ കേന്ദ്രത്തെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം.
പുതുക്കിയ ചട്ടങ്ങൾ (2023) നടപ്പാക്കുമ്പോഴുള്ള പ്രായോഗിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയാകും ആവശ്യമായ മാറ്റങ്ങൾക്കായി കേന്ദ്രത്തെ സമീപിക്കുക. ചൊവ്വാഴ്ച ചേർന്ന സംസ്ഥാന മൃഗസംരക്ഷണ ബോർഡ് യോഗത്തിലാണ് തീരുമാനം. ചട്ടപ്രകാരം പുതിയ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങുന്നതിന് 2000 ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ഡോക്ടർ വേണം. എല്ലാ എ.ബി.സി സെന്ററുകളിലും സി.സി.ടി.വി, എ.സി എന്നിവ നിർബന്ധമാണ്. ഒരു മാസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കണം. കേന്ദ്രനിർദേശമനുസരിച്ചുള്ള എ.ബി.സി സെന്റർ സ്ഥാപിക്കുന്നതിന് അരക്കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരുത്തൽ തേടി കേന്ദ്രത്തെ സമീപിക്കുന്നത്.
ഇതിനു പുറമെ, സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി മന്ത്രി ചിഞ്ചുറാണി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. എ.ബി.സി കേന്ദ്രങ്ങളില്ലാത്ത ജില്ലകളിൽ ജില്ലതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തുന്നതിന് തദ്ദേശ വകുപ്പിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ വാക്സിനേഷനിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബോർഡ് യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
- •എ.ബി.സി ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത മൃഗക്ഷേമ സംഘടനകളുടെ യോഗം ജൂലൈ 11ന് ചേരും.
- •മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് തെരുവുനായ് വാക്സിനേഷൻ നടപ്പാക്കും
- •പുതുക്കിയ എ.ബി.സി ചട്ട പ്രകാരം സംസ്ഥാന തലത്തിലും ജില്ല തലത്തിലും എ.ബി.സി നിർവഹണ നിരീക്ഷണ സമിതികൾ രൂപകത്കരിക്കും. അക്രമകാരികളായ നായ്ക്കളെ പിടികൂടി മാറ്റിപ്പാർപ്പിക്കുന്നതിന് ജില്ലതലത്തിൽ അനിമൽ ഷെൽട്ടറുകൾ സ്ഥാപിക്കും
- •എല്ലാ ജില്ലകളിലെയും സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽ (എസ്.പി.സി.എ) പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുത്തിന് ജില്ല കലക്ടർമാർക്ക് നിർദേശം നൽകും. നിലവിൽ എസ്.പി.സി.എ രൂപവത്കരിക്കാത്ത ഇടുക്കി, കോട്ടയം, മലപ്പുറം, എറണാകുളം കാസർകോട് ജില്ലകളിൽ അടിയന്തരമായി രൂപവത്കരിക്കും.
- •സംസ്ഥാന ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരമോ അറിവോ കൂടാതെ സംസ്ഥാനത്ത് ചില സംഘടനകളും വ്യക്തികളും നിയമം നടപ്പാക്കാനെന്ന വ്യാജേന അധികാര കേന്ദ്രങ്ങളിൽ ഇടപെടുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല. പരാതികളുണ്ടായാൽ മൃഗക്ഷേമ ബോർഡ് ഇവർക്കെതിരെ കർശന നടപടി കൈക്കൊള്ളും. മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ച വിഷയങ്ങളിൽ ജന്തുക്ഷേമ ബോർഡിനാണ് പരാതി നൽകേണ്ടത്
- •നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് എലിഫൻറ് സ്ക്വാഡുകൾ ജില്ലകളിൽ രൂപവത്കരിക്കുന്നതിന് വനം വകുപ്പുമായി ചേർന്ന് വെറ്ററിനറി ഡോക്ടർമാർക്ക് പരിശീലനം നൽകും