കേന്ദ്രത്തിന്റെ സൗജന്യ അരിവിഹിതം കേരളത്തിൽ വെട്ടിക്കുറച്ചു

news image
Oct 10, 2022, 4:46 am GMT+0000 payyolionline.in

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകിയ സൗജന്യ അരി വിഹിതം മുൻഗണനാ വിഭാഗത്തിലെ 41 ലക്ഷം മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കു പൂർണമായി നൽകാതെ സംസ്ഥാന സർക്കാർ.

 

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം സെപ്റ്റംബറിൽ നൽകേണ്ട അരി വിഹിതമാണു വെട്ടിക്കുറച്ചത്. ഇത് ഈ മാസം നൽകും എന്നായിരുന്നു കാർഡ് ഉടമകളുടെ പ്രതീക്ഷ.

എന്നാൽ, ഒക്ടോബറിലെ പിഎംജികെഎവൈ റേഷൻ വിതരണം ഇ പോസ് സംവിധാനത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് ക്രമീകരിച്ചപ്പോൾ കഴിഞ്ഞ മാസം ഭാഗികമായി വാങ്ങിയവർക്ക് ഈ മാസം ബാക്കി വിഹിതം നൽകാൻ വ്യവസ്ഥയില്ല. മുൻ വിഹിതം വാങ്ങാത്തവർക്കു മാത്രം ഈ മാസം നൽകും.

പദ്ധതി പ്രകാരം സെപ്റ്റംബറിൽ നൽകേണ്ട അരി വിഹിതം 40% കുറച്ചാണു സംസ്ഥാനത്തു വിതരണം ചെയ്തത്. തുടർന്ന് കടകളിൽ നിന്നു കാർഡ് ഉടമകൾക്കു വിഹിതത്തിന്റെ ഒരു ഭാഗം മാത്രം നൽകി. കാർഡിലെ ഓരോ അംഗത്തിനും സൗജന്യമായി 5 കിലോ അരിയാണു വിഹിതം. മുൻഗണനാ കാർഡുകളിലായി 1.52 കോടി അംഗങ്ങളിൽ പലർക്കും പകുതി വിഹിതം പോലും ലഭിച്ചില്ല.

മിക്ക കടകളിലും ലഭിച്ച വിഹിതം കാർഡ് ഉടമകൾക്കു വീതിച്ചു നൽകുകയായിരുന്നു. അതോടെ ഈ മാസം കടകളിൽ അരി വിഹിതം കുറയാനാണു സാധ്യത.

എന്നാൽ, കേന്ദ്ര സർക്കാരിന്റെ പിഡിഎസ് നെറ്റ്‌വർക് സംവിധാനത്തിൽ ഭാഗികമായി ബാക്കി വിഹിതം നൽകാൻ വ്യവസ്ഥ ഇല്ലാത്തതിനാലാണ് ഇത്തരമൊരു സാഹചര്യമെന്നാണു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിശദീകരണം. കേന്ദ്രത്തിൽ നിന്നു രണ്ടു ഘട്ടമായി അരി ലഭിച്ചതിനാലാണു കഴിഞ്ഞ മാസം പൂർണമായി വിതരണം ചെയ്യാൻ കഴിയാതിരുന്നതെന്നും അധികൃതർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe