അഞ്ചാലുംമൂട്: അഷ്ടമുടിക്കായലിൽ കൂടിയ അളവിൽ രാസമാലിന്യം കലർന്നതിന്റെ ഫലമായി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. അഞ്ചാലുംമൂട്, കടവൂർ, കണ്ടച്ചിറ, മങ്ങാട് ഭാഗങ്ങളിലായി ടൺകണക്കിനു മത്സ്യമാണ് ചത്തുപൊങ്ങിയിട്ടുള്ളത്. മത്സ്യങ്ങൾ കരയ്ക്ക് അടിഞ്ഞ് തുടങ്ങിയതോടെ കായൽക്കരയാകെ രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നു. അഷ്ടമുടി കായലിൽ ഒഴുക്കും ഓളവും കുറഞ്ഞതുമായ ഭാഗത്താണ് ഇന്നലെ മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. ചെറു മത്സ്യങ്ങൾ മുതൽ വലിയ മത്സ്യങ്ങൾ വരെ കൂട്ടത്തിലുണ്ട്. അഞ്ചാലുംമൂട് മുരുന്തൽ ആക്കൽ കായൽ തീരത്ത് ഫിഷറീസിന്റെ കൂട് മത്സ്യ കൃഷിയിൽ ഉണ്ടായിരുന്ന 4,000 മത്സ്യങ്ങളും ചത്തു.
സംഭവത്തെ തുടർന്ന് ഫിഷറീസ്, കോർപറേഷൻ അധികൃതർ സ്ഥലത്ത് എത്തിയിരുന്നു. കോർപറേഷൻ മണ്ണുമാന്തി യന്ത്രം എത്തിച്ച് കായൽ കരയിൽ കുഴിച്ചിട്ടു. പകുതിയോളം മത്സ്യം മാത്രമാണ് ശേഖരിച്ച് കുഴിച്ചിടാനായത്. ഫിഷറീസ് അധികൃതർ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ലാബ് പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ കാരണം വ്യക്തമാകൂയെന്ന് അധികൃതർ പറഞ്ഞു. മത്സ്യങ്ങൾ ചത്ത പൊങ്ങിയ ഭാഗത്തെ കായൽ ജലത്തിന്റെ പിഎച്ച് മൂല്യം മത്സ്യത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണെന്ന് ഫിഷറീസ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കായലിനെ മാലിന്യം കവർന്നതോടെ മത്സ്യ സമ്പത്ത് നശിച്ചു തുടങ്ങി. ദിനം പ്രതി കായൽ മലിനമാകുന്നതിന്റെ പാർശ്വഫലമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ ഇടയാക്കിയിരിക്കുന്നത്.
കായലിലെ മറ്റൊരു പ്രതിഭാസമായ അടിക്കറയിളക്കമല്ല മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങാൻ ഇടയാക്കിയതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അടിക്കറയിളകി ജലത്തിലെ ഓക്സിജൻ നഷ്ടപ്പെട്ട് മത്സ്യ സമ്പത്ത് നശിക്കാറുണ്ട്. കായലിലേക്ക് രാസമാലിന്യം ഒഴുക്കുന്നതാണ് മത്സ്യങ്ങൾ ചത്തു പൊങ്ങാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. കായൽ തീരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ രാസലായനി കലർന്ന മാലിന്യം വർഷത്തിൽ ഒരിക്കൽ ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.വിഷാംശം കായലിലെ മത്സ്യ സമ്പത്തിനെ ഇല്ലാതാക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ചത്തതിൽ കൂടുതൽ വെളുത്ത നിറമുള്ള ‘ഞുണ്ണ’ ഇനത്തിൽപെട്ട മത്സ്യമാണ്. ഇവ കൂടുതലായും കായലിന്റെ മുകൾ പരപ്പിനോട് ചേർന്നാണ് കാണപ്പെടുന്നത്. കരിമീൻ, ചുണ്ടൻ, നെത്തോലി, പള്ളത്തി, തിലാപ്പിയ ഇനങ്ങളിൽപെട്ട മത്സ്യവും ചത്തു പൊങ്ങിയിട്ടുണ്ട്.