കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിലിനെയും അബിനെയും സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ്

news image
Jun 27, 2023, 12:36 pm GMT+0000 payyolionline.in

ആലപ്പുഴ: കായംകുളത്തെ വ്യാജസർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസ്, അബിൻ സി രാജുമായി തെളിവെടുപ്പിനെത്തി പൊലീസ്. സർട്ടിഫിക്കറ്റ് നിർമ്മിച്ച എറണാകുളത്തെ ഓറിയോൺ ഏജൻസിയിലാണ് പൊലീസ് ഇരുവരെയും  തെളിവെടുപ്പിന് എത്തിച്ചത്. ഓറിയോൺ എന്ന സ്ഥാപനത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇപ്പോൾ ഓറിയോൺ എന്ന സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല. മുമ്പ് കലൂരിലും പാലാരിവട്ടത്തും ഓറിയോൺ എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നു. കായംകുളം പൊലീസിനൊപ്പം പാലാരിവട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.

എസ്എഫ്ഐ മുൻ നേതാവായ അബിൻ രാജിനെ മാലദ്വീപിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പൊലീസ്  കസ്റ്റഡിയിലെടുത്തത്. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് നേരത്തെ മൊഴി നൽകിയിരുന്നു.

ഇതോടെ മാലദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 11.30 ന് നെടുമ്പാശേരിയിലെത്തിയ അബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുന്‍ എസ് എഫ്‌ ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ട് ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസിൽ രണ്ടാം പ്രതിയാക്കിയത്. നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe