പയ്യോളി: വടകര-കൊയിലാണ്ടി–പേരാമ്പ്ര, കോട്ടക്കൽ-കൊളാവിപ്പാലം–അറബിക് കോളേജ് റൂട്ടുകളിൽ നടന്നു വന്ന സ്വകാര്യ ബസ് സമരം അവസാനിച്ചു. കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുരഞ്ജന യോഗത്തിലാണ് സമരം ഒത്തുതീർപ്പായത്. ബസ്സുകൾ ഇന്ന് മുതൽ സർവീസ് നടത്തുമെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
ബസ് തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് കളക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ തീരുമാനമായത്. ഇതനുസരിച്ച് ഒരു മാസത്തേക്ക് ലിങ്ക് റോഡിൽ തന്നെ ബസ് പാർക്കിംഗ് തുടരും. തുടർന്ന് മാർക്കറ്റ് റോഡിലെയും പരിസരങ്ങളിലെയും ഗതാഗത തടസ്സവും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ച ശേഷം പഴയ സ്റ്റാൻഡിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഈ നിർദ്ദേശം യോഗം അംഗീകരിച്ചതോടെ കഴിഞ്ഞ നാല് ദിവസമായി യാത്രക്കാരെ വലച്ച ബസ് സമരം അവസാനിപ്പിക്കുകയായിരുന്നു
