കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴംകൂട്ടാനുള്ള പ്രവൃത്തി ഫെബ്രുവരി 12ന് തുടങ്ങും. ഉപകരണങ്ങൾ എത്തിക്കാനുള്ള കാലതാമസമാണ് 2 ആഴ്ച വൈകാൻ കാരണം. ഇതിനു മുന്നോടിയായുള്ള സർവേ 2 ആഴ്ച മുൻപ് തന്നെ പൂർത്തിയായിരുന്നു. ഇത് ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ സർവേ പ്രകാരം 75,000 ക്യുബിക് മീറ്റർ ചെളി കൂടി നീക്കം ചെയ്യാനുണ്ടാകുമെന്നാണ് കണക്ക്.ഇപ്പോഴത്തെ എസ്റ്റിമേറ്റ് പ്രകാരം 3.29 ലക്ഷം ക്യുബിക് മീറ്റർ ചെളിയാണ് നീക്കേണ്ടത്. വർഷങ്ങൾക്ക് മുമ്പുള്ള കണക്കായതിനാലാണ് വീണ്ടും ഇറിഗേഷന്റെ നേതൃത്വത്തിൽ സർവേ നടത്തിയത്.എന്നാൽ പുതിയ സർവേ പ്രകാരമുള്ള അധിക ചെളി ഇപ്പോൾ അനുവദിച്ച ഫണ്ട് വച്ച് നീക്കം ചെയ്യാനാകില്ല.
എസ്റ്റിമേറ്റ് പ്രകാരമുള്ള ചെളി നീക്കം ചെയ്താൽ തന്നെ പുഴയുടെ ഒഴുക്ക് ശക്തമാകുകയും കനോലി കനാലിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കിനു തടസ്സമില്ലാതാകുകയും നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന്പ്രതീക്ഷിക്കുന്നു. ഒന്നരമാസം കൊണ്ട് തീർക്കാൻ ലക്ഷ്യമിട്ട ചെളി സർവേ പുഴയിൽ തിട്ടകളുള്ളതിനാൽ 3 മാസം നീണ്ടു.മാങ്കാവ് കടുപ്പിനി മുതൽ പുഴ കടലിൽ ചേരുന്ന കോതി വരെയുള്ള 4.2 കിലോമീറ്റർ ദൂരത്തിലാണ് 2.7 മീറ്റർ ആഴത്തിൽ ചെളി നീക്കുന്നത്. വെസ്റ്റ്കോസ്റ്റ് ഡ്രജിങ് കമ്പനിക്കാണ് ചുമതല. 12.98 കോടി രൂപയുടേതാണ് കോർപറേഷൻ പദ്ധതി. ചെളി നീക്കം ചെയ്യുന്നതിനൊപ്പം പുഴയിലെ മരങ്ങൾ എടുത്തുമാറ്റലും കാട് വെട്ടലും ഉൾപ്പെടും.
നീക്കുന്ന ചെളി മൂന്നര മുതൽ 5 കിലോമീറ്റർ വരെ അകലെ കടലിൽ നിക്ഷേപിക്കാനാണ് തീരുമാനം.ഒന്നര പതിറ്റാണ്ടിലേറെയായി കല്ലായിലെ ചെളി നീക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. 2010 ൽ ആണ് ആദ്യം ടെൻഡർ വിളിച്ചത്. ഇപ്പോൾ ആറാമത്തെ ടെൻഡറിലാണ് നവീകരണത്തിലെത്തിയത്.മാലിന്യംനിറഞ്ഞ് കല്ലായിപ്പുഴയിലെ ഒഴുക്ക് പലയിടത്തും നിലച്ചിരിക്കുകയാണ്. ഇത് കനോലി കനാലിന്റെ സ്വാഭാവിക ഒഴുക്കിനെയും ബാധിച്ചു.
മാങ്കാവ് കടുപ്പിനി മുതൽ പുഴ കടലിൽ ചേരുന്ന കോതി വരെയുള്ള 4.2 കിലോമീറ്റർ ദൂരത്തിലാണ് 2.7 മീറ്റർ ആഴത്തിൽ ചെളി നീക്കുന്നത്. വെസ്റ്റ്കോസ്റ്റ് ഡ്രജിങ് കമ്പനിക്കാണ് ചുമതല. 12.98 കോടി രൂപയുടേതാണ് കോർപറേഷൻ പദ്ധതി.