നാദാപുരം∙ കല്ലാച്ചിയിലും കുറ്റ്യാടിയിലും ഗേറ്റ് അക്കാദമി എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി വിദ്യാർഥികൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന വരിക്കോളി സ്വദേശി കെ.സി.ലിനീഷിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അമൃത അരവിന്ദ് 2 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു കുറ്റ്യാടി പൊലീസ് അറിയിച്ചു. ലാബ് ടെക്നിഷ്യൻ, നഴ്സിങ് അസിസ്റ്റന്റ് കോഴ്സുകളിലേക്ക് തന്റെ സ്ഥാപനത്തിൽ പ്രവേശനം നൽകിയ പ്രതി ഒട്ടേറെ വിദ്യാർഥികൾക്കു നൽകിയ സർട്ടിഫിക്കറ്റുകൾ അംഗീകാരമില്ലാത്തതാണെന്നാണു പൊലീസ് കണ്ടെത്തിയത്. പശുക്കടവ് സ്വദേശിനി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് 12 വ്യാജ സർട്ടിഫിക്കറ്റുകളാണ് കോടതിയിൽ ഹാജരാക്കിയത്. ഇന്നലെ മറ്റു ചിലരുടെ പരാതികളും ലഭിച്ചതായും ഈ പരാതികളിലും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഗേറ്റ് അക്കാദമി എന്ന സ്ഥാപനത്തിൽ താൻ മാനേജർ മാത്രമായിരുന്നെന്നും ഉടമകളും ഉത്തരവാദിത്തമുള്ളവരും മറ്റു ചിലരാണെന്നുമാണ് ലിനീഷ് കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നത്. കല്ലാച്ചിയിലെയും കുറ്റ്യാടിയിലെയും സ്ഥാപനങ്ങൾ അടച്ചു പൂട്ടിയിട്ടേറെയായി. കല്ലാച്ചിയിലെ സ്ഥാപനത്തിൽ പഠിച്ച വിദ്യാർഥികൾ ഇതു വരെ പരാതി നൽകിയിട്ടില്ല. സർട്ടിഫിക്കറ്റുകൾ കിട്ടാതിരുന്നവർ പരാതിയുമായി ലിനീഷിനെ സമീപിച്ചപ്പോൾ വൈകാതെ സർട്ടിഫിക്കറ്റുകൾ നൽകുമെന്നാണു പറഞ്ഞിരുന്നത്.