കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട: രണ്ട് കേസുകളിലായി 2 കോടിയുടെ സ്വർണ്ണം പിടികൂടി; 4 പേർ കസ്റ്റഡിയിൽ

news image
Nov 17, 2026, 11:04 am GMT+0000 payyolionline.in

മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം പോലീസ് പിടികൂടി. രണ്ട് കേസുകളിലായി നടന്ന പരിശോധനയിലാണ് സ്വർണക്കടത്ത് സംഘം പിടിയിലായത്. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരും ഇത് സ്വീകരിക്കാൻ എത്തിയവരും ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ ഒന്നരയോടെയാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ആണ് താൻ ധരിച്ചിരുന്ന ജീൻസിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. അൽ അമീനിൽ നിന്ന് സ്വർണം സ്വീകരിക്കാൻ വിമാനത്താവള പരിസരത്തെത്തിയ നാദാപുരം സ്വദേശികളായ ഹാരിസ് എം. (36), ഹാരിസ് പി.ടി. (38) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. അൽ അമീൻ ധരിച്ചിരുന്ന ജീൻസിന് 1,455 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇതിൽ ഏകദേശം ഒരു കോടി രൂപയുടെ സ്വർണമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ 8.30-ന് റാസൽഖൈമയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാൻ ആണ് രണ്ടാമത് പിടിയിലായത്. ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണമിശ്രിതമടങ്ങിയ മൂന്ന് ക്യാപ്‌സ്യൂളുകൾ പോലീസ് കണ്ടെടുത്തു. 790.5 ഗ്രാം തൂക്കം വരുന്ന ഈ സ്വർണമിശ്രിതത്തിന് ഒരു കോടി രൂപയിലധികം മൂല്യം കണക്കാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe