തിരുവങ്ങൂർ കേരള ഫീഡ്സ് കരാർ തൊഴിലാളി സമരം ചർച്ചയ്ക്ക് ശേഷം

news image
Dec 20, 2023, 5:14 pm GMT+0000 payyolionline.in

കോഴിക്കോട്: കേരള ഫീഡ്സ് തിരുവങ്ങൂർ ബ്രാഞ്ചിൽ ടൺകണക്കിന് കാലിത്തീറ്റ നശിച്ച സംഭവത്തിന് പിന്നാലെ കരാർ തൊഴിലാളിയെ പുറത്താക്കിയ നടപടിയിൽ വിട്ടുവീഴ്ചയില്ലാതെ മാനേജ്മെന്റ്. സംയുക്ത തൊഴിലാളി സംഘടന നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയും പരാജയം. എന്നാൽ കാനത്തിൽ ജമീല മാനേജ്മെൻ്റുമായി നടത്തിയ ചർച്ചയിൽ 22 ന് കമ്പനി എം.ഡിയുമായി ചർച്ച നടത്തിയതിൻ്റെ തീരുമാനമറിഞ്ഞ ശേഷമെ കമ്പനി പടിക്കൽ തൊഴിലാളിയായ വി പി പ്രതീഷ് സമരം ആരംഭിക്കുക. പ്രദേശവാസികളെ അണിനിരത്തിയാകും സമരം. അതിനിടെ കമ്പനിക്കുള്ളിൽ നടക്കുന്ന കെടുകാര്യസ്ഥതകൾ ഒന്നൊന്നായി നിരത്തി പ്രതീഷിന്റെ നേതൃത്വത്തിൽ നവകേരള സദസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരം കൂടിയാണ് പുറത്താക്കൽ നപടിയിലേക്ക് എത്തിച്ചതെന്നാണ് വിവരം. കമ്പനിയുടെ ഭരണവും ചുമതലയും സിപിഐ വഹിക്കുന്ന മന്ത്രിയുടെ കീഴിലായിരിക്കെ സിഐടിയു പ്രതിനിധി പരാതി നൽകിയതിലും മാനേജ്മെന്റിന് അമർഷമുണ്ട്.
തൊഴിലാളി സമരത്തെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടില്ലെന്ന് സംഘടന നേതാക്കൾ വ്യക്തമാക്കി. അതേസമയം പ്രതീഷിനെ തിരിച്ചെടുത്തില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നീക്കം. കാലിത്തീറ്റയുടെ നിർമ്മാണ പിഴവ് പുറത്തായതോടെ, തൊഴിലാളി സമരം കാരണം സ്ഥാപനം അടച്ചുപൂട്ടി എന്ന് വരുത്തി തീർക്കാനാണ് ചില ലോബികൾ ശ്രമിക്കുന്നത് എന്നാണ് ആരോപണം. നേരത്തെ കമ്പനിയുടെ ഭാഗമായിരുന്നവർ പ്രവർത്തിക്കുന്നതും ആരംഭിക്കാനിരിക്കുന്നതുമായ സ്വകാര്യ കാലിത്തീറ്റ നിർമ്മാണ കമ്പനികൾക്ക് ഈ സ്ഥാപനം അടച്ച് പൂട്ടിയാൽ ഗുണം ചെയ്യും. അതിന് വഴങ്ങി കൊടുക്കില്ലെന്ന് തൊഴിലാളി നേതാക്കൾ വ്യക്തമാക്കി. നിർമ്മാണത്തിലെ അപാകതക്ക് കാരണമായ സംഭവത്തിൽ അന്വേഷണം നടത്തേണ്ടതിന് പകരം കരാർ തൊഴിലാളികളെ ക്രൂശിക്കുന്ന നടപടി അനുവദിക്കില്ല. കമ്പനിക്കുള്ളിലെ കുത്തഴിഞ്ഞ അവസ്ഥക്ക് മാറ്റം വരുത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ചർച്ച നടക്കുന്നതിനിടെ കൊയിലാണ്ടി എംഎൽഎ സ്ഥലത്തെത്തി. ചർച്ചയിൽ സി അശ്വിന് ദേവ് (സിഐടിയു), അനിൽ കുമാർ (ഐഎൻടിയുസി), അഷ്റഫ് (എഐടിയുസി), മോഹനൻ (എച്ച്എംഎസ്) എന്നിവരും മാനേജ്മെന്റ് തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു.22 ന് കേരള ഫീഡ്സ്സ് എം.ഡിയുമായി ചർച്ച നടത്തുന്നുണ്ട്..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe