തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട് 2 പേരെ കാണാതായി. കോഴിക്കോട് കൊയിലാണ്ടി വലിയമങ്ങാട് അനൂപ് സുന്ദരൻ (35), കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സ്വദേശി നാരായണൻ (47) എന്നിവരെയാണു കാണാതായത്. മലപ്പുറം ജില്ലയിൽ മഞ്ചേരി അത്താണിക്കൽ പടിഞ്ഞാറേപറമ്പിൽ ആക്കാട്ടുകുണ്ടിൽ വേലായുധൻ (52) വീടിനു സമീപത്തെ തോട്ടിൽ വീണുമരിച്ചു.
സംസ്ഥാനത്ത് ഇന്നുമുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കുമെങ്കിലും ഒറ്റപ്പെട്ട ശക്തമായ പെയ്ത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് സാധ്യതകളുള്ളതിനാൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്.